
സ്വന്തം ലേഖകൻ: രാജ്യത്ത് ജോലി ചെയ്യുന്ന മൊത്തം ആളുകളിൽ 64 ശതമാനവും വിദേശികളെന്ന് റിപ്പോർട്ട്. 13,84,833 വിദേശികളാണ് ഒമാനിൽ ജോലി ചെയ്യുന്നത്. 7,73,786 സ്വദേശികളും ജോലി ചെയ്യുന്നു. ഇതിൽ 72 ശതമാനവും പുരുഷന്മാരാണ്. 28 ശതമാനമാണ് സ്വദേശി വനിതകളുടെ പങ്കാളിത്തം. അൽ ഷബീബ പത്രത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വിവരം.
രാജ്യത്ത് ജോലി ചെയ്യുന്നവരുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങളും റിപ്പോർട്ടിലുണ്ട്. മൊത്തം തൊഴിലാളികളുടെ 22.8 ശതമാനത്തിന് മാത്രമേ (4,92,431) എഴുതാനും വായിക്കാനും അറിയുകയുള്ളൂ. ഒരു വിദ്യാഭ്യാസ യോഗ്യതയുമില്ലാത്ത 6,88,000 പേർ രാജ്യത്ത് ജോലി ചെയ്യുന്നതായും റിപ്പോർട്ടിലുണ്ട്. 2021ൽ വിവിധ മേഖലകളിൽ 21,58,619 പേർ ജോലി ചെയ്തിരുന്നതായാണ് കണക്ക്.
മൊത്തം തൊഴിലാളികളിൽ 82 ശതമാനം പേർ വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള പുരുഷന്മാരാണ്. 17,73,744 പുരുഷന്മാരാണ് ജോലി ചെയ്യുന്നത്. സ്ത്രീകൾ 3,58,545ഉം. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ രാജ്യക്കാരുടെയും എണ്ണം 3,92,872 ആണ്. സ്വകാര്യ മേഖലയിൽ ഇത് 14,82,180ഉം ഗാർഹിക മേഖലയിൽ 2,83,567ഉം ആണ്. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 3,51,231ഉം വിദേശികളുടെ എണ്ണം 41,641ഉം ആണെന്നും റിപ്പോർട്ടിൽ പറയുന്നു. പൊതുമേഖലയിലെ സ്വദേശിവത്കരണം 89 ശതമാനം പൂർത്തിയായെന്നും റിപ്പോർട്ടിലുണ്ട്.
രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ വീണ്ടും വർധന. ഈ വർഷം ആദ്യത്തെ ആറുമാസത്തിൽ 1,44,000 വിദേശ തൊഴിലാളികളാണ് സുൽത്താനേറ്റിൽ എത്തിയത്. എണ്ണവില കുതിച്ചുയർന്നപ്പോൾ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തുണ്ടായ പുത്തനുണർവ് വിവിധ മേഖലകളിലേക്ക് തൊഴിലാളികളെ ആകർഷിക്കുന്നുണ്ടെന്നാണ് കണക്ക്. ഈ വർഷം ആദ്യത്തെ ആറുമാസത്തിൽ ഏറ്റവും കൂടുതൽ വിദേശ തൊഴിലാളികൾ എത്തിയത് ബംഗ്ലാദേശിൽനിന്നാണ്; 57,000 പേർ.
35,000 പേരുമായി ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള പാകിസ്താനിൽനിന്ന് 34,000 ആളുകളാണ് എത്തിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏകദേശം 3,03,325 വിദേശ തൊഴിലാളികൾ ഇവിടെ നിന്നും കൊഴിഞ്ഞുപോയതായാണ് ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്ക്. 2021ൽ മാത്രം 33,655 പേരാണ് ജോലി ഉപേക്ഷിച്ച് പോയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല