
സ്വന്തം ലേഖകൻ: ഒമാനിൽ വാക്സിനേഷന് ക്യാംപയിന് ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ ഗവര്‍ണറേറ്റുകളിലെ പ്രവാസി തൊഴിലാളികള്‍ക്ക് വാക്സിന് വിതരണം തുടങ്ങി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മസീറയില്‍ നടന്ന വാക്സിനേഷന് ക്യാംപയിനില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവാസികള്‍ക്ക് ആദ്യ ഡോസ് വാക്സിന് ലഭിച്ചു.
മസീറ ദ്വീപില്‍ മാത്രം പ്രവാസി തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമായി ആറായിരത്തിലേറെ പേര് ഉണ്ടെന്നാണ് കണക്ക്. ഇവിടെ ഓഗസ്റ്റ് 27 വരെ വാക്സിന് വിതരണം തുടരും. അല്‍ ദഹീറ ഗവര്‍ണറേറ്റിലെ പ്രവാസി സമൂഹങ്ങള്‍ക്കിടയില്‍ വാക്സിന് വിതരണം ഇന്ന് ഓഗസ്റ്റ് 15ന് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബാര്‍ബര്‍ ഷോപ്പുകളിലെ തൊഴിലാളികള്‍, ബ്യൂട്ടി സലൂണുകളിലെ വനിതാ ജീവനക്കാര്‍, ഗാര്‍ഹികത്തൊഴിലാളികള്‍, വിവിധ ഫാമുകളിലെ തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കാണ് ഇന്ന് വാക്സിന് വിതരണം ചെയ്യുക. നാളെ മുതലാണ് അല്‍ ബത്തീനയിലെ പ്രവാസികള്‍ക്ക് വാക്സിന് നല്‍കുക.
ബാര്‍ബര്‍ ഷോപ്പുകള്‍, റെസ്റ്റൊറന്റുകള്‍, കഫേകള്‍, ഗ്രൂമിംഗ് സെന്ററുകള്‍, സലൂണുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന് നല്‍കുക. ഉപഭോക്താക്കളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന മറ്റു ജീവനക്കാര്‍, ലേബര്‍ ക്യാംപുകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ക്കുള്ള വാക്സിന് വിതരണം അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മുന്‍ഗണനാ വിഭാഗത്തില്‍ വരുന്ന പ്രവാസികള്‍ തങ്ങളുടെ റെസിഡന്‍സ് ഐഡി കാര്‍ഡുമായി വാക്സിന് വിതരണ കേന്ദ്രത്തില്‍ എത്തുകയോ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ബുക്കിംഗ് നടത്തുകയോ ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്തെ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ വാക്സിന് എടുക്കാന്‍ യോഗ്യരായവരില്‍ 57 ശതമാനം പേര്‍ക്കും ഇതിനകം വാക്സിന് വിതരണം ചെയ്തതായാണ് കണക്കുകള്‍. 20 ലക്ഷത്തിലേറെ പേര്‍ക്കാണ് വാക്സിന് ലഭിച്ചത്. 68 ശതമാനം പേര്‍ക്കും ഒരു ഡോസും 32 ശതമാനം പേര്‍ക്ക് രണ്ട് ഡോസുകളും ഇതിനകം വിതരണം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല