
സ്വന്തം ലേഖകൻ: : ഇന്ത്യ അടക്കം 25 രാഷ്ട്രങ്ങളിൽ നിന്നുള്ളവരുടെ ഒമാനിലേക്കുള്ള വീസാ രഹിത പ്രവേശനത്തിന് നിബന്ധനകൾ ബാധകമായിരിക്കുമെന്ന് ഒമാൻ വിമാനത്താവള കമ്പനി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. അമേരിക്ക, കാനഡ, ആസ്ത്രേലിയ, ബ്രിട്ടൻ, ഷെങ്കൻ ഉടമ്പടി നിലനിൽക്കുന്ന രാഷ്ട്രങ്ങൾ, ജപ്പാൻ എന്നിവിടങ്ങളിൽ സ്ഥിര താമസക്കാരോ അല്ലെങ്കിൽ കാലാവധിയുള്ള വീസ കൈവശം ഉള്ളവർക്ക് മാത്രമാണ് ഒമാനിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് അധികൃതരുടെ വിശദീകരണത്തിൽ പറയുന്നു.
വിനോദ സഞ്ചാര മേഖലയുടെ വളർച്ച ലക്ഷ്യമാക്കി ഇക്കഴിഞ്ഞ ഡിസംബർ ഒമ്പതിനാണ് 103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീസയില്ലാതെ പത്ത് ദിവസം രാജ്യത്ത് തങ്ങാൻ അനുമതി നൽകുമെന്ന് ഒമാൻ സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ പ്രവേശന നിബന്ധനകളടക്കം കാര്യങ്ങൾ അന്ന് വ്യക്തമാക്കിയിരുന്നില്ല.
ഇന്ത്യക്ക് പുറമെ അസർബൈജാൻ, ഉസ്ബെക്കിസ്ഥാൻ,ബെലാറസ്, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, കോസ്റ്റാറിക്ക, മാലദ്വീപ്, നിക്കരാഗ്വ, മൊറോക്കോ, അർമീനിയ, പനാമ, ബോസ്നിയ ആൻറ് ഹെർസഗോവിന, തുർക്ക് മെനിസ്ഥാൻ, ഹോണ്ടുറാസ്, ഗ്വാട്ടിമല, കസാക്കിസ്ഥാൻ, ലാവോസ്, അൽബേനിയ, ഭൂട്ടാൻ, പെറു, സാൽവദോർ, വിയറ്റ്നാം, ക്യൂബ,മെക്സിക്കോ എന്നിവയാണ് ഇൗ നിബന്ധന ബാധകമുള്ള മറ്റ് രാഷ്ട്രങ്ങൾ. അതേസമയം ജി.സി.സി രാഷ്ട്രങ്ങളിൽ തൊഴിൽ/ ടൂറിസ്റ്റ് വീസയുള്ളരാണെങ്കിൽ നിബന്ധനകളില്ലാതെ 103 രാഷ്ട്രങ്ങളിൽ നിന്നുള്ളവർക്കും പ്രവേശനാനുമതി ലഭിക്കും.
വീസ രഹിത പ്രവേശനത്തിനായി യാത്രക്കാരുടെ കൈവശം മടക്ക ടിക്കറ്റ്, ആറു മാസത്തിലധികം കാലാവധിയുള്ള പാസ്പോർട്ട്, താമസിക്കുന്ന ഹോട്ടലില്‍ നിന്നുള്ള സ്ഥിരീകരണ സന്ദേശം, ആരോഗ്യ ഇന്‍ഷുറന്‍സ്, പ്രതിദിന ചെലവിനുള്ള പണം എന്നിവ ഉണ്ടാകണം. വിമാന കമ്പനികൾ ഇൗ വിവരങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
പത്ത് ദിവസത്തിലധികം രാജ്യത്ത് തങ്ങുന്നവരിൽ നിന്ന് ഒാരോ ദിവസവും പത്ത് റിയാൽ എന്ന തോതിൽ പിഴ ഇൗടാക്കും. കൂടുതൽ ദിവസം തങ്ങാൻ വരുന്നവർക്കായി ഒമാനിലെ നിലവിലെ സമ്പ്രദായം അനുസരിച്ച് ഒരുമാസ കാലാവധിയുള്ളതടക്കം മറ്റ് ടൂറിസ്റ്റ് വീസകൾ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല