1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2022

സ്വന്തം ലേഖകൻ: 2021 ഒക്ടോബറിലെ എണ്ണ വില അടുത്ത വര്‍ഷം അവസാനം വരെ നിലനിര്‍ത്താനും വില വര്‍ധനവ് തടയാനും സുല്‍ത്താന്റെ നിര്‍ദേശം. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി സലാലയിലെ അല്‍ ഹുസ്ന്‍ കൊട്ടാരത്തില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണു സുല്‍ത്താന്‍ വിവിധ നിര്‍ദേശങ്ങള്‍ നല്‍കിയത്.

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ കുറക്കാനും ചില ഫീസുകള്‍ ഒഴിവാക്കാനുമുള്ള തീരുമാനത്തിന് മന്ത്രി സഭാ യോഗത്തില്‍ അംഗീകാരം നല്‍കി. തൊഴില്‍ നഷ്ടപ്പെട്ട ഒമാനി ജീവനക്കാര്‍ക്ക് അടുത്ത വര്‍ഷം ജൂണ്‍വരെ തൊഴില്‍ സുരക്ഷ നല്‍കാനും സുല്‍ത്താന്‍ ഉത്തരവിട്ടു. 2012 ബാച്ചിലെ ഒമാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു പ്രമോഷന്‍ നല്‍കാനും സൂല്‍ത്താന്‍ ഉത്തരവിട്ടു. സിവില്‍ സര്‍വിസ് സ്‌കീമിലും മറ്റു വിഭാഗങ്ങളിലുംപെട്ട പ്രമോഷനു യോഗ്യത ഉള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

സുല്‍ത്താന്‍ സായുധ സേനയില്‍ നിന്നു വിരമിച്ചവരുടെ ഭവന വായ്പാ പദ്ധതികള്‍ ഒഴിവാക്കും. 450 റിയാലില്‍ താഴ മാസ വരുമാനമുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അടുത്ത മൂന്നു വര്‍ഷക്കാലത്തേക്കുള്ള സാമ്പത്തിക മേഖലയിലെ സുസ്ഥിരതക്കും പുരോഗതിക്കുമായി ദേശീയ പദ്ധതി ആരംഭിക്കാനും നിര്‍ദ്ദേശിച്ചു.

ഒമാൻ ദേശീയ ദിനം പ്രമാണിച്ച് ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 30, ഡിസംബർ ഒന്ന് എന്നീ രണ്ട് ദിവസങ്ങളിൽ ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

വെള്ളി, ശനി ദിവസത്തെ അവധി കൂടി കണക്കിലെടുക്കുമ്പോൾ ആകെ നാല് ദിവസത്തെ അവധി ലഭിക്കും. പിന്നീട് ഡിസംബര്‍ നാലാം തിയതി എല്ലാ ഓഫീസുകളും തുറന്നു പ്രവർത്തിക്കും. കഴിഞ്ഞ ദിവസം ആണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറങ്ങിയത്. ഒമാന്റെ അൻപത്തി രണ്ടാമത് ദേശീയ ദിനമാണ് ഇപ്പോൾ ആഘോഷിക്കാൻ പോകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.