1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2021

സ്വന്തം ലേഖകൻ: ഒമാനിലേക്ക് യാത്ര ചെയ്യുന്നതിനും രാജ്യത്തെ പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിനും വാക്സിനേഷന്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥ നടപ്പിലാക്കാനൊരുങ്ങി ഒമാന്‍. ഇതുമായി ബന്ധപ്പെട്ട പഠനങ്ങളും ആലോചനകളും നടന്നുവരികയാണെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വാക്‌സിനേഷന്റെ തോത് വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതിനെ കുറിച്ച് അധികൃതര്‍ ആലോചിക്കുന്നത്.

സര്‍ക്കാര്‍ ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ബീച്ചുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രവേശിക്കുന്നതിനും വാക്സിനെടുക്കല്‍ നിര്‍ബന്ധമാക്കാനാണ് പദ്ധതി. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.

രാജ്യത്തെ നിലവിലുള്ള ലോക്ഡൗണ്‍ സമയത്തിലും സുപ്രീം കമ്മിറ്റി യോഗം മാറ്റം വരുത്തി. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ നാലു മണി വരെയാണ് പുതുക്കിയ ലോക്ഡൗണ്‍ സമയം. പുതുക്കിയ സമയം ഇന്നലെ മുതല്‍ നിലവില്‍ വന്നു. വൈകുന്നേരം അഞ്ച് മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെയായിരുന്നു ഇതു വരെ ഉണ്ടായിരുന്ന ലോക്ഡൗണ്‍ സമയം. രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ വലിയ കുറവുണ്ടായ സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ സമയത്തില്‍ ഏതാനും മണിക്കൂറുകള്‍ ഇളവ് പ്രഖ്യാപിച്ചത്.

അതിനിടെ, രാജ്യത്ത് വാക്‌സിന്‍ ഒന്നാം ഡോസിന് രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുള്ളവര്‍ എത്രയും വേഗം അതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് സുപ്രിം കമ്മിറ്റി ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ ആരോഗ്യ സുരക്ഷയ്ക്കും ജനജീവിതം സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാനും ഇത് അനിവാര്യമാണ്.

12 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കിടയിലെ വാക്സിനേഷന്‍ പൂര്‍ത്തിയായാല്‍ സ്‌കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണനയിലാണെന്നും ഒമാന്‍ അറിയിച്ചു. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സൈദിയാണ് ഇക്കാര്യം അറിയിച്ചത്. 3.2 ലക്ഷം വിദ്യാര്‍ഥികളാണ് വാക്‌സിന് അര്‍ഹതയുള്ള വിഭാഗത്തില്‍ പെടുന്നത്. ഇവരില്‍ 96 ശതമാനം പേരും ഇതിനകം വാക്‌സിന്‍ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.