1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2022

സ്വന്തം ലേഖകൻ: പുതിയ അധ്യയന വര്‍ഷത്തില്‍ ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ ഇനി എല്ലാ രാജ്യങ്ങളിലെയും വിദ്യാര്‍ഥികള്‍ക്കും പ്രവേശനം തേടാന്‍ അവസരം. രാജ്യത്തെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഇപ്പോള്‍ ധാരാളം സീറ്റുകള്‍ ലഭ്യമായതിനാലാണ് എല്ലാ രാജ്യങ്ങളിലെയും വിദ്യാര്‍ഥികളെ അനുവദിക്കാന്‍ തീരുമാനിച്ചതെന്ന് ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം പറഞ്ഞു.

ഇന്ത്യന്‍ സ്‌കൂളുകളില്‍ ഏകദേശം 39,000 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. മുമ്പ് 46,000 ത്തോളം വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ പഠിച്ചിരുന്നതില്‍ നിന്നാണ് ഈ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ‘അടുത്ത ടേമില്‍ ഫിസിക്കല്‍ ക്ലാസുകള്‍ പുനഃരാരംഭിക്കുമ്പോള്‍ മാത്രമേ വിദ്യാര്‍ഥികളുടെ കൃത്യ എണ്ണം അറിയാന്‍ കഴിയൂ’, ബോര്‍ഡ് അംഗം പറഞ്ഞു.

കോവിഡ് മഹാമാരി സമയത്ത് വിദ്യാര്‍ഥികളില്‍ പലരും നാട്ടിലേക്ക് പോയി. അവര്‍ അവിടെ ഓണ്‍ലൈന്‍ പഠനം തുടര്‍ന്നു. അതിനാല്‍ അവര്‍ തിരിച്ചെത്തിയാല്‍ മാത്രമേ അന്തിമ കണക്കെടുക്കാന്‍ കഴിയൂ. ‘ഞങ്ങളുടെ സ്‌കൂളുകളില്‍ ധാരാളം സീറ്റുകള്‍ ഉള്ളതിനാലാണ് എല്ലാ രാജ്യങ്ങളിലെയും കുട്ടികള്‍ക്കായി പ്രവേശനം അനുവദിക്കുന്നത്.

‘ഒമാനിലെ ഇന്ത്യക്കാര്‍ക്കുള്ള ഒരു കമ്യൂണിറ്റി സ്‌കൂള്‍ സിസ്റ്റമെന്ന നിലയില്‍ ഞങ്ങളുടെ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. മറ്റ് രാജ്യങ്ങളിലെ വിദ്യാര്‍ഥികളെ ഞങ്ങളോടൊപ്പം ചേരാന്‍ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും സീറ്റുകളൊന്നും ലഭ്യമല്ലാത്തതിനാല്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പോലും മറ്റിടങ്ങളില്‍ പ്രവേശനം തേടാന്‍ നിര്‍ബന്ധിതരായിരുന്നു’,

ഇന്ത്യന്‍ സ്‌കൂളുകളില്‍ പ്രവേശനം തേടാന്‍ ആഗ്രഹിക്കുന്നു മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പ്രവേശനത്തിന് അപേക്ഷിക്കുമ്പോള്‍ അവരുടെ മുന്‍ സ്‌കൂളുകളില്‍ നിന്നുള്ള ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റും റിപ്പോര്‍ട്ട് കാര്‍ഡും നല്‍കണം. കൂടാതെ, സ്വന്തം രാജ്യത്തിന്റെ എംബസിയില്‍ നിന്നുള്ള നോ- ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്.

പ്രവേശനത്തിനായി എല്ലാം അനുയോജ്യമാണോയെന്ന് പരിശോധിക്കാന്‍ സ്‌കൂള്‍ ജീവനക്കാര്‍ കുട്ടിയെ നേരിട്ട് കാണും. ചില സന്ദര്‍ഭങ്ങളില്‍ വിഷയങ്ങളില്‍ അവരുടെ അറിവ് പരിശോധിക്കുന്ന ഒരു പ്രവേശന പരീക്ഷ നടത്താന്‍ കുട്ടികളോട് ആവശ്യപ്പെടാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.