1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2021

സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള നീണ്ട 18 മാസത്തെ ഇടവേളക്ക് ശേഷം ഒമാനിലെ സ്വദേശി സ്‌കൂളുകളില്‍ സപ്തംബര്‍ 19 ഞായറാഴ്ച മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കും. രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായ പശ്ചാത്തലത്തിലാണ് ക്ലാസ്സുകള്‍ തുടങ്ങാന്‍ തീരുമാനം. 12നും 17നുമിടയില്‍ പ്രായമുള്ള രണ്ട് വാക്സിനും സ്വീകരിച്ച വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും മാത്രമായിരിക്കും ഒമാനിലെ സ്വദേശി സ്‌കൂളുകളിലേക്കും പ്രവേശനം.

1204 സ്‌കൂളുകളിലായി 7.02 ലക്ഷം വിദ്യാര്‍ഥികളാണ് ഇന്ന് സ്‌കൂളുകളില്‍ തിരിച്ചെത്തുകയെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ 1191 സ്‌കൂളുകള്‍ പ്രാഥമിക സ്‌കൂളുകളും 13 എണ്ണം സെക്കന്ററി സ്‌കൂളുകളുമാണ്. ഇതിനു പുറമെ, മൂന്ന് സ്‌പെഷ്യല്‍ സ്‌കൂളുകളിലായി 466 വിദ്യാര്‍ഥികളും ഇന്ന് ക്ലാസ്സുകളിലെത്തും. 56,569 അധ്യാപകരും 10,878 അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരും ഇന്ന് വിദ്യാലയങ്ങളില്‍ തിരിച്ചെത്തും. ഇവരില്‍ യഥാക്രമം 84.8, 99.8 ശതമാനം പേരും സ്വദേശികളാണെന്നും മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ നിലവിലെ കോവിഡ് വ്യാപന സൂചകങ്ങള്‍ വിലയിരുത്തിയ ശേഷം കൈക്കൊണ്ട നാഷനല്‍ പാന്‍ഡമിക് റിക്കവറി പ്ലാനിന്റെ അടിസ്ഥാനത്തിലാണ് ഘട്ടം ഘട്ടമായി സ്‌കൂളുകളില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മദീഹ അല്‍ ശൈബാനിയ്യ അറിയിച്ചു.

കോവിഡ് കാലത്ത് നഷ്ടമായ പാഠങ്ങളും ക്ലാസ്സ്, സ്‌കൂള്‍ അനുഭവങ്ങളും വീണ്ടെടുക്കുന്ന രീതിയില്‍ സമഗ്രമായ രീതിയില്‍ മാറ്റം വരുത്തിയ പാഠ്യപദ്ധതിയായിരിക്കും പുതിയ അക്കാദമിക വര്‍ഷത്തില്‍ നടപ്പിലാക്കുകയെന്നും അവര്‍ പറഞ്ഞു. ഇതിനാവശ്യമായ പരിശീലനങ്ങള്‍ അധ്യാപകര്‍ക്ക് നല്‍കുന്നതിനായി ദേശീയ, അന്തര്‍ ദേശീയ ഏജന്‍സികളുമായി ബന്ധപ്പെട്ട് വിപുലമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അതേസമയം, കോവിഡിനിടയില്‍ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികളുടെയും അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെയും ആരോഗ്യ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും മന്ത്രി അറിയിച്ചു. ഇതിനായി സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങളടങ്ങിയ റോഡ് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ക്ലാസ്സുകളില്‍ സാമൂഹ്യ അകലം പാലിക്കല്‍, മാസ്‌ക്ക് ധാരണം, സാനിറ്റൈസര്‍ ഉപയോഗം, കുട്ടികള്‍ ഒരുമിച്ചു കൂടുന്നത് തടയല്‍ തുടങ്ങിയ കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. കുട്ടികളില്‍ കോവിഡ് ബാധ ഉണ്ടാകുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ താല്‍ക്കാലികമായി അടച്ചിടേണ്ടി വരുന്ന സാഹചര്യം പരിഗണിച്ച് ഓണ്‍ലൈന്‍ പഠനരീതി തുടരുമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ സ്‌കൂളുകള്‍ ഒക്ടോബര്‍ ആദ്യവാരത്തില്‍ തുറക്കുമെന്നും ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു. 12 വയസിന് മുകളില്‍ പ്രായമുള്ള വാക്സിന്‍ സ്വീകരിച്ച വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമായിരിക്കും ഇന്ത്യന്‍ സ്‌കൂളുകളില്‍ പ്രവേശനമുണ്ടാവുക. ഘട്ടം ഘട്ടമായിട്ടാകും ക്ലാസുകള്‍ പുനരാരംഭിക്കുകയെന്ന് ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ശിവകുമാര്‍ മാണിക്ക്യം പറഞ്ഞു.

രക്ഷിതാക്കള്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും സ്‌കൂള്‍ കാമ്പസില്‍ പ്രവേശിക്കാന്‍ വാക്സിന്‍ നിബന്ധന ബാധകമായിരിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സമഗ്രമായ പ്രവര്‍ത്തന മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ക്ലാസുകള്‍ ആരംഭിക്കുകയെന്നും ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ രക്ഷിതാക്കള്‍ക്ക് മുന്‍കൂട്ടി തന്നെ നല്‍കുമെന്നും ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.