
സ്വന്തം ലേഖകൻ: ഒമാനികളല്ലാത്ത തൊഴിലാളികൾക്ക് പ്രഖ്യാപിച്ച പുതിയ തൊഴിൽ പെർമിറ്റ് ഫീസ് പ്രാബല്യത്തിൽ വന്നു. ജൂൺ ഒന്നു മുതൽ പുതിയ ഫീസ് നിരക്ക് വരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചിരുന്നു. ഉയർന്നതും ഇടത്തരം തൊഴിലുകൾക്കും സാങ്കേതികവും സ്പെഷലൈസ്ഡ് ജോലികൾ ചെയ്യുന്നവരുമായ വിദേശികൾക്ക് പുതിയ പെർമിറ്റിനായി പുതുക്കിയ ഫീസാണ് അടക്കേണ്ടി വരുക.
പുതിയ വർക് പെർമിറ്റ് എടുക്കാനും ബിസിനസ് തുടങ്ങാനും പുതുക്കിയ ഫീസ് ബാധകമായിരിക്കും. സ്വകാര്യ മേഖലയിൽ ഒമാനികൾക്ക് കൂടുതൽ ജോലി ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് തീരുമാനം നടപ്പാക്കിയത്. പുതുതായി നൽകുന്ന അപേക്ഷകർക്കും ചൊവ്വാഴ്ചവരെ ഫീസടക്കാത്ത നിലവിലെ അപേക്ഷകർക്കും തീരുമാനം ബാധകമായിരിക്കും.
എന്നാൽ ഉയർന്ന സ്വദേശിവൽകരണ നിരക്കുള്ള സ്ഥാപനങ്ങൾക്ക് അവരുടെ പ്രവാസി നിയമന ഫീസ് 50 ശതമാനം വരെ കുറക്കും. ഒമാനികൾ ജോലിചെയ്യുന്ന കമ്പനികൾക്ക് അവരുടെ പ്രവാസി നിയമന ഫീസ് 25 ശതമാനം കുറക്കുമെന്നും സ്വദേശിവത്കരണ േക്വാട്ട പൂർണമായും പാലിക്കുന്നവർക്ക് ഫീസ് 50 ശതമാനം വരെ കുറക്കുമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
പുതിയ ഫീസ് നിരക്ക് നടപ്പാക്കുമെന്ന് ഇക്കഴിഞ്ഞ ജനുവരിയിലാണ് സർക്കാർ പ്രഖ്യാപിച്ചത്.മേയ് ഒന്നുമുതൽ നടപ്പാകുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് നീട്ടുകയായിരുന്നു. പുതുക്കിയ ഫീസ് ഉയർന്ന തൊഴിലുകളിലെ വിസക്ക് 2001റിയാലും ഇടത്തരം തൊഴിലുകളിലേതിന് 1001 റിയാലും സാങ്കേതികവും സ്പെഷലൈസ്ഡ് ജോലികൾക്കും 601 റിയാലും ആയിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല