
സ്വന്തം ലേഖകൻ: സ്വദേശിവത്കരണം പാലിക്കുന്ന കമ്പനികൾക്ക് വിദേശ തൊഴിലാളികളുടെ ലേബർ പെർമിറ്റ് ഫീസിൽ കുറവുവരുത്താനും സുൽത്താൻ അംഗീകാരം നൽകിയ സാമ്പത്തിക ഉത്തേജന പാക്കേജിൽ നിർദേശിക്കുന്നുണ്ട്. ഇൻറർമീഡിയറ്റ്, ടെക്നികൽ, സ്പെഷലൈസ്ഡ് തസ്തികകളിലെ പുതിയ വിസക്കും നിലവിലുള്ളവ പുതുക്കുന്നതിനും ഇൗ ആനുകൂല്യം ലഭിക്കും.
സർക്കാർ നിഷ്കർഷിച്ചിട്ടുള്ള സ്വദേശിവത്കരണ തോത് പൂർത്തീകരിച്ച സ്ഥാപനങ്ങൾക്ക് 50 ശതമാനവും സ്വദേശി ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് 25 ശതമാനവുമാണ് ഇളവു ലഭിക്കുക. സ്വദേശികൾക്ക് തൊഴിൽ വിപണിക്ക് അനുയോജ്യമായ രീതിയിൽ പരിശീലനം നൽകാൻ ഇൗ വർഷത്തെ ബജറ്റിൽ 20 ദശലക്ഷം റിയാൽ വകയിരുത്തിയിട്ടുണ്ട്.
പ്രാഥമിക ൈലസൻസ് ലഭിച്ച ശേഷം നിക്ഷേപകന് വാണിജ്യ പ്രവർത്തനങ്ങൾ നടത്താനുള്ള അനുമതി ഉത്തേജന പാക്കേജ് വ്യവസ്ഥ ചെയ്യുന്നു. അന്തിമ അനുമതി പിന്നീട് സ്വന്തമാക്കിയാൽ മതി. വിദേശ നിക്ഷേപ കമ്പനികൾ നിലവിൽ വന്ന് വാണിജ്യ രജിസ്റ്റർ അനുവദിച്ചാൽ നിലവിലുള്ള നിയന്ത്രണങ്ങൾക്ക് അനുസൃതമായി വിദേശ ജീവനക്കാരെ കൊണ്ടുവരാൻ മൂന്ന് ലൈസൻസുകൾ അനുവദിക്കും. 10 ലക്ഷം റിയാലിന് മുകളിലുള്ള എല്ലാ തന്ത്രപ്രധാന നിക്ഷേപ പദ്ധതികളുമായും വാണിജ്യ-വ്യവസായ-നിക്ഷേപക പ്രോത്സാഹന മന്ത്രാലയം സേവന കരാർ ഒപ്പുവെക്കും.
വാണിജ്യ രജിസ്റ്ററിൽ പറഞ്ഞിരിക്കുന്ന പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ രീതിയിലുള്ള സ്ഥലത്തായിരിക്കണം നിക്ഷേപകർക്ക് ഉടമസ്ഥാവകാശമുള്ള ഭൂമിയും റിയൽ എസ്റ്റേറ്റും. താമസ, വാണിജ്യ, വ്യവസായ, ടൂറിസ്റ്റ് ആവശ്യങ്ങൾക്കായിരിക്കണം ഭൂമിയുടെ കോർപറേറ്റ് ഉടമസ്ഥാവകാശം. കമ്പനികൾക്ക് വാങ്ങിയ റിയൽ എസ്റ്റേറ്റിൽ 50 ശതമാനത്തിലധികവും വാണിജ്യ രജിസ്റ്ററിൽ പറഞ്ഞിരിക്കുന്ന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം.
ആവശ്യം കഴിഞ്ഞുള്ളവ വിൽപന നടത്തുകയോ വാടകക്ക് നൽകുകയോ ചെയ്യാം. ടൂറിസം ആവശ്യങ്ങൾക്ക് വാങ്ങിയതിനും ഇൻറഗ്രേറ്റഡ് കമേഴ്സ്യൽ കോംപ്ലക്സുകൾക്കും ഇതു ബാധകമായിരിക്കില്ല. ഒമാനി ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ ഒമാൻ ഡെവലപ്മെൻറ് ബാങ്കുമായി ചേർന്ന് ധനസഹായ പദ്ധതിക്ക് രൂപം നൽകാനും ഉത്തേജന പാക്കേജിൽ നിർദേശിക്കുന്നു.
വാണിജ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നഗരസഭാ ഫീസിൽ മാറ്റങ്ങൾ വരുത്തും. ചില ഫീസുകൾ ഒരുമിച്ച് ആക്കുകയും അനാവശ്യമായവ ഒഴിവാക്കുകയുമാണ് ചെയ്യുക. ഒരു മാസത്തിനുള്ളിൽ നഗരസഭാ ഫീസിലെ ക്രമീകരണം പൂർത്തിയാകും. ചെറുകിട-ഇടത്തരം സ്ഥാപനങ്ങളുടെ 2020, 2021 വർഷത്തെ വരുമാന നികുതി 12 ശതമാനമാക്കാനും ഉത്തേജന പാക്കേജിൽ നിർദേശമുണ്ട്.
അൽ റഫദ് ഫണ്ടിലെ വായ്പ തിരിച്ചടവ് ഇൗ വർഷം അവസാനം വരെ ഒഴിവാക്കി നൽകി. മഹാമാരി ബാധിച്ചവർ വായ്പ തിരിച്ചടവ് നീട്ടി നൽകണമെന്ന അപേക്ഷ നൽകുമ്പോൾ അനുഭാവപൂർണമായ നടപടി സ്വീകരിക്കണമെന്ന് ബാങ്കുകളോട് സർക്കാർ നിർദേശിക്കുകയും ചെയ്തു. സെപ്റ്റംബർ അവസാനം വരെയാണ് വായ്പാ തിരിച്ചടവിന് ഈ ആനുകൂല്യം ലഭിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല