
സ്വന്തം ലേഖകൻ: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒമാന്‍ നിര്‍ത്തിവച്ച പുതിയ തൊഴില്‍ വീസകള്‍ വീണ്ടും അനുവദിച്ചു തുടങ്ങി. നേരത്തെ സന്ദര്‍ശന വീസകളും വീണ്ടും അനുവദിച്ചു തുടങ്ങിയിരുന്നു. രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കായി ഒക്ടോബര്‍ ഒന്ന് മുതല്‍ വിമാനത്താവളങ്ങളും തുറന്നിട്ടുണ്ട്.
രാജ്യത്തെ കൊവിഡ് കേസുകള്‍ കുറഞ്ഞതിന് പിന്നാലെ തൊഴില്‍ മേഖല വീണ്ടും സജീവമായിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ തൊഴില്‍ വീസ അനുവദിക്കുന്നത് കമ്പനികള്‍ക്കും തൊഴിലാളികള്‍ക്കും ഏറെ ആശ്വാസം നല്‍കും. എട്ടു മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും തൊഴില്‍ വീസ അനുവദിക്കുന്നത്.
യമനില്‍ കുടുങ്ങിക്കിടന്ന മലയാളികള്‍ ഉള്‍പ്പടെ 14 ഇന്ത്യക്കാര്‍ക്ക് മോചനം. ഒൻപത് മാസമായി യമനില്‍ തടഞ്ഞുവയ്ക്കപ്പെട്ടവര്‍ക്ക് ഒമാന്‍ സര്‍ക്കാറിന്റെ ഇടപെടലാണു മോചനം സാധ്യമാക്കിയത്. സന ഇന്ത്യന്‍ എംബസിയും മസ്‌കത്ത് ഇന്ത്യന്‍ എംബസിയും ഇവരുടെ മോചനം സ്ഥിരീകരിച്ചു. ഒമാന്‍ സര്‍ക്കാറിന്റെ സഹായത്തിന് ഇന്ത്യന്‍ എംബസി നന്ദി രേഖപ്പെടുത്തി.
കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 14 പേരാണ് ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് യമനില്‍ തടഞ്ഞുവെക്കപ്പെട്ടത്. ഇവരുടെ മോചനത്തിനായി ഇന്ത്യ നിരന്തരമായി ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു. ഒമാന്‍ സര്‍ക്കാര്‍ സഹായം ലഭ്യമായതോടെ മോചനത്തിന് വഴി തുറന്നു. 14 പേരെയും ഉടന്‍ ഇന്ത്യയിലെത്തിക്കും. ഒമാന്‍ വഴിയാണ് നിലവില്‍ ഒമാനില്‍ ഇന്ത്യയിലേക്ക് വിമാന യാത്രാ സൗകര്യമുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല