
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന മസ്കത്ത് നഗരത്തിലെ ബസ് സർവിസുകൾ മുവാസലാത്ത് ഇന്ന് മുതൽ പുനരാരംഭിക്കും. കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ഭാഗമായി സുപ്രീം കമ്മിറ്റി നിർദേശപ്രകാരമാണ് സിറ്റി ബസ് സർവിസ് പുനരാരംഭിക്കുന്നത്. കഴിഞ്ഞയാഴ്ച ഇൻറർസിറ്റി ബസ് സർവിസുകൾ പുനരാരംഭിച്ചിരുന്നു. സലാല നഗരത്തിലെ ബസ് ഗതാഗതം അടുത്ത 18ന് പുനരാരംഭിക്കും.
സുഹാർ നഗരത്തിലെ സർവിസുകൾ പുനരാരംഭിക്കുന്ന വിവരം പിന്നീടാണ് അറിയിക്കുക. കർശനമായ കോവിഡ് പ്രതിരോധ നടപടികൾ പാലിച്ചാണ് സിറ്റി സർവിസുകളും നടത്തുക. ഒാരോ സർവിസിന് ശേഷവും ബസുകൾ വൃത്തിയാക്കുകയും അണുമുക്തമാക്കുകയും
ചെയ്യും. ഇതോടൊപ്പം അടുത്തടുത്ത സീറ്റുകൾ യാത്രക്കാരെ ഇരിക്കാൻ അനുവദിക്കാതെ സാമൂഹിക അകലം ഉറപ്പാക്കുകയും ചെയ്യും. അണുമുക്തമാക്കുന്ന നടപടികൾക്കായി സിറ്റി സർവിസുകളുടെ ടിക്കറ്റ് നിരക്കിൽ നൂറ് ബൈസയുടെ വർധനവ് വരുത്തിയിട്ടുണ്ട്. ഇൻറർ സിറ്റി സർവിസുകളുടെ ടിക്കറ്റ് നിരക്കിൽ അഞ്ഞൂറ് ബൈസയുടെ വർധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
സർവിസുകൾ പുനരാരംഭിക്കുന്നത് പൊതുഗതാഗതത്തെ ആശ്രയിക്കുന്ന കുറഞ്ഞ വേതനക്കാരായ പ്രവാസികൾക്ക് തുണയാകും. റൂവിയിലെ കച്ചവടക്കാരും സർവിസുകൾ പുനരാരംഭിക്കുന്നതിനെ പ്രതീക്ഷയോടെയാണ് കാണുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല