
സ്വന്തം ലേഖകൻ: ഒമാനിൽ മെട്രോ ട്രെയിൻ പദ്ധതി തുടങ്ങുന്നതിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. റൂവി, മത്ര, രാജ്യാന്തര വിമാനത്താവളം, സീബ് മേഖലകളെ ബന്ധിപ്പിച്ചാകും സർവീസ്. കൂടുതൽ മേഖലകളിലേക്ക് ആരംഭിക്കുന്നതു സജീവ പരിഗണനയിലാണ്. എയർപോർട് സോൺ, ഗാല, അൽ ഖൂദ്, ഹൽബൻ, വ്യവസായ മേഖലകൾ, മിസ്ഫ, റുസൈൽ മേഖലകളെ ബന്ധിപ്പിച്ചുള്ള മെട്രോ ശൃംഖല വാണിജ്യ-വ്യവസായ മേഖലകളുടെ സമഗ്ര വികസനത്തിനും വഴിയൊരുക്കും.
അൽ സീബിൽ നിന്നു സുഹാറിലേക്കു റെയിൽ പദ്ധതി തുടങ്ങുന്നതും പരിഗണനയിലാണ്. 4 പഞ്ചവത്സര പദ്ധതികളായാണ് നടപ്പാക്കുക. അടുത്ത 20 വർഷത്തിനകം മസ്കത്ത് അടക്കം രാജ്യത്തെ നഗരങ്ങളിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന വികസനപദ്ധതികളെ കുറിച്ചുള്ള രൂപരേഖയും സർക്കാർ പ്രസിദ്ധീകരിച്ചു.
നിക്ഷേപം ആകർഷിക്കുന്നതിനൊപ്പം വളർച്ച ഉറപ്പാക്കുന്നതിനുമായി നിശ്ചിത മേഖലകളിലെ പ്രവർത്തനങ്ങൾക്ക് സാമ്പത്തികവും നിയമപരവുമായ ആനുകൂല്യങ്ങൾ നൽകാനും തീരുമാനമായി. വിമാനത്താവള സോൺ, ഗാല, അൽ ഖൂദിലെയും ഹൽബാനിലെയും ഗവേഷണ സംവിധാനങ്ങൾ, മിസ്ഫ-റുസൈൽ വ്യവസായ മേഖലകൾ എന്നിവ ഇത്തരം ആനുകൂല്യങ്ങൾ നൽകാനുദ്ദേശിക്കുന്ന മേഖലകളിൽ ഉൾപ്പെടുന്നു.
റൂവി, മത്ര മേഖലകളിലും നഗര നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കും. റൂവിയിൽ നിന്ന് സീബിലേക്കുള്ള മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ ഓഫിസുകൾ, റീട്ടെയിൽ സ്റ്റോറുകൾ, റസിഡെൻഷ്യൽ മേഖലകൾ തുടങ്ങിയവ വികസിപ്പിച്ചെടുക്കും. മസ്കത്തിലെ വാദികളിൽ ജനങ്ങൾക്ക് ആരോഗ്യകരമായ ജീവിതത്തിന് സഹായകരമായ വിധത്തിൽ നടപ്പാതകളും പാർക്കുകളും നിർമിക്കും.
മസ്കത്തിന് പുറമെ ഗ്രേറ്റർ എന്ന സങ്കൽപത്തിലാണ് സലാലയും സുഹാറും നിസ്വയും വികസിപ്പിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു. സീബിനെയും വടക്കൻ ബാത്തിന ഗവർണറേറ്റിെൻറ ആസ്ഥാനമായ സുഹാറിനെയും ബന്ധിപ്പിച്ച് പാസഞ്ചർ റെയിൽ പാത നിർമിക്കാനും ആലോചനയുണ്ട്. ഉയർന്ന മൂല്യമുള്ള ധാതുക്കൾ കർശനമായ നിയന്ത്രണങ്ങളോടെ ഖനനം ചെയ്യാൻ അനുവദിക്കും.
ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി ഗവേഷണകേന്ദ്രങ്ങൾ സ്ഥാപിക്കാൻ അനുമതി നൽകുകയും ചെയ്യും. അടുത്ത 20 വർഷത്തിൽ സുസ്ഥിര സ്ഥല വികസനം ഉറപ്പുവരുത്തുന്നതിനായാണ് രൂപരേഖ (ഒമാൻ നാഷനൽ സ്പെഷൽ സ്ട്രാറ്റജി) തയാറാക്കിയത്. ഒമാൻ വിഷൻ 2040െൻറ ഭാഗമായുള്ള ലക്ഷ്യങ്ങൾക്ക് കൂടി അനുസരിച്ചാണ് പദ്ധതികൾക്ക് രൂപം നൽകിയിട്ടുള്ളത്. സാമൂഹിക-സാംസ്കാരിക സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനൊപ്പം ഒമാെൻറ പ്രകൃതി, സാംസ്കാരിക സമ്പത്തുകൾ അടുത്ത തലമുറക്കായി സംരക്ഷിക്കുന്നതുമാകും ഇവ.
ഭവന നഗരവികസന മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ ഓരോ ഗവർണറേറ്റിലും നാല് പഞ്ചവത്സര പദ്ധതികളായി തിരിച്ചാകും നഗരവികസന പദ്ധതികൾ നടപ്പാക്കുക. സന്തുലിത വികസനം വഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ഇത് തൊഴിലിനായി നഗരങ്ങൾ തോറുമുള്ള യാത്രകൾ കുറക്കാൻ സഹായിക്കുമെന്നും രൂപരേഖയിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല