1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2021

സ്വന്തം ലേഖകൻ: ഒമാനില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച രാത്രികാല യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരും. രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് നിയന്ത്രണം. വാണിജ്യ-വ്യാപാര സ്ഥാപനങ്ങള്‍ക്കു നിലവിലുള്ള രാത്രികാല വിലക്ക് തുടരും. നിയമലംഘകരുടെ പേരും ചിത്രവും വിവിധ മാധ്യമങ്ങള്‍ വഴി പരസ്യമാക്കും. നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഹോട്ടലുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും പിഴ ചുമത്തും. 500 മുതല്‍ 2,000 റിയാല്‍ വരെയാണു പിഴ.

ലോക്ക്ഡൗണ്‍ സമയങ്ങളില്‍ ചെക്ക്പോയിന്റുകള്‍ സ്ഥാപിച്ചു പരിശോധന നടത്തുമെന്നു റോയല്‍ ഒമാന്‍ പോലീസ് പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ മേജര്‍ മുഹമ്മദ് അല്‍ ഹാശ്മി പറഞ്ഞു. വൈകിട്ട് എട്ടു മുതല്‍ പുലര്‍ച്ചെ ആറു വരെ ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ ചെക്ക്പോയിന്റുകള്‍ പ്രവര്‍ത്തിക്കും. ഗ്രാമങ്ങള്‍ക്കിടയിലും വിലായത്തുകള്‍ക്കിടയിലും യാത്രാ വിലക്കുണ്ട്.

അതേസമയം, ആരോഗ്യ പ്രവര്‍ത്തകര്‍, സ്വകാര്യ ആശുപത്രികള്‍, രാത്രിയിലും പ്രവര്‍ത്തിക്കുന്ന ഫാര്‍മസികള്‍, വിമാനത്താവള, കരാതിര്‍ത്തികളിലെ പ്രവര്‍ത്തനങ്ങള്‍, എമര്‍ജന്‍സി വാഹനങ്ങള്‍, വൈദ്യുതി-വെള്ളം സര്‍വീസ് വാഹനങ്ങള്‍ എന്നിവക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.

മൂന്ന് ടണ്ണിലധികം ഭാരമുള്ള ട്രക്കുകള്‍, വാട്ടര്‍ വിതരണ ടാങ്കറുകള്‍, സ്വീവേജ് വാട്ടര്‍ ടാങ്കറുകള്‍, വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അധികൃതരുടെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ള പെട്രോള്‍ പമ്പുകള്‍ എന്നിവക്കും ഇളവ് ലഭിക്കും. പൊതു-സ്വകാര്യ മാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും യാത്രാ അനുമതിയുണ്ട്. ഫാക്ടറികളിലെയും വെയര്‍ഹൗസുകളിലെയും സാധനങ്ങളുടെ കയറ്റിറക്ക് അനുവദിക്കും. എന്നാല്‍, ജീവനക്കാര്‍ പുറത്തുപോകാന്‍ പാടില്ലെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.