
സ്വന്തം ലേഖകൻ: ഒമാനിൽ വൈകീട്ട് അഞ്ചു മുതൽ രാവിലെ നാലു വരെയുള്ള രാത്രികാല പൂർണ ലോക്ഡൗൺ ആരംഭിച്ചു. ലോക്ഡൗണിെൻറ ഭാഗമായി വ്യാപാരസ്ഥാപനങ്ങൾക്ക് വൈകീട്ട് നാലോടെ അടച്ചു. പ്രത്യേകം അംഗീകാരം നേടിയ ഭക്ഷ്യ ഹോംഡെലിവറി സ്ഥാപനങ്ങളിലും ആരോഗ്യ സ്ഥാപനങ്ങളിലും മാത്രമാണ് ആളനക്കം. അഞ്ചു മണിയോടെ വാഹന പ്രവാഹവും നിലച്ചു.
വ്യാപാരസ്ഥാപനങ്ങളും ഹൈപ്പർ മാർക്കറ്റുകളും ലോക്ഡൗണിനെ തുടർന്ന് പ്രവൃത്തിസമയത്തിൽ മാറ്റം വരുത്തിയിരുന്നു. പ്രധാന ഹൈപ്പർ മാർക്കറ്റുകൾ കാലത്ത് ആറു മുതൽ നാലു വരെയാണ് പ്രവർത്തിച്ചത്. നാലോടെ വ്യാപാരസ്ഥാപനങ്ങൾ അടക്കുന്നതിനാൽ അവസാന സമയത്ത് പല സ്ഥാപനങ്ങളിലും തിരക്ക് അനുഭവെപ്പട്ടു.
ഒമാനിൽ മുമ്പ് ലോക്ഡൗൺ ഉണ്ടായിരുന്നെങ്കിലും പകൻ അഞ്ചു മുതൽ രാത്രി മുഴുക്കെയുള്ള ലോക്ഡൗൺ ആദ്യമായാണ്. അതിനാൽ പലർക്കും ലോക്ഡൗൺ പ്രയാസകരമായാണ് അനുഭവപ്പെടുന്നത്. ലോക്ഡൗൺ പ്രഖ്യാപനം മറന്ന് പുറത്തിറങ്ങിയവരും നിരവധിയാണ്. രാത്രി ഭക്ഷണം നൽകേണ്ട ഹോട്ടലുകൾ വൈകീട്ട് നാലിന് മുമ്പുതന്നെ വിതരണം ചെയ്തു.
അവധിദിവസങ്ങളിലും മറ്റും ഏറ്റവും കൂടുതൽ പൊതുജനങ്ങളെത്തുന്ന നഗരങ്ങളിലെ വൈകുന്നേരവും സന്ധ്യയും ആെളാഴിഞ്ഞത് കൗതുകക്കാഴ്ചയായി. തിരക്കുപിടിച്ച റൂവി അടക്കമുള്ള നഗരങ്ങളിൽ വൈകീട്ട് അഞ്ചിനുശേഷം ആൾപ്പെരുമാറ്റമില്ലാത്തതായി. മെഡിക്കൽ സ്ഥാപനങ്ങളും ആശുപത്രികളും പ്രവർത്തിച്ചിരുന്നെങ്കിലും പൊതുജനങ്ങൾ എത്താത്തതിനാൽ അവിടെയും തിരക്കൊഴിഞ്ഞു കിടന്നു.
അഞ്ചു മുതൽ താമസ ഇടത്ത് ഒറ്റക്കിരിക്കേണ്ടിവരുന്നത് മാനസിക പിരിമുറുക്കമുണ്ടാക്കുന്നതായി ഒറ്റക്കു താമസിക്കുന്ന ചിലർ പറയുന്നു. ഭക്ഷണത്തിന് ഹോട്ടലുകളെ ആശ്രയിച്ചിരുന്ന പലർക്കും രാത്രി ഭക്ഷണവും പ്രയാസമായി. രാത്രിഭക്ഷണം വൈകീട്ട് മൂന്നരക്കു തന്നെ വാങ്ങി സൂക്ഷിച്ചവരും നിരവധിയാണ്. വ്യായാമത്തിനും ഉന്മേഷത്തിനുമായി വൈകുന്നേരങ്ങളിൽ നടക്കാൻ പോവുന്നവർക്കും രാത്രകാല ലോക്ഡൗൺ വെല്ലു വിളിയാണ്.
ലോക്ഡൗൺ ഏറെ ബാധിച്ചത് വ്യാപാരമേഖലയെയാണ്. കോവിഡും പ്രവാസികളുടെ തിരിച്ചുപോക്കും കാരണം പൊതുവെ വ്യാപാരം തീരെ കുറവാണ്. അഞ്ചു മണിയോടെ വീട്ടിലെത്തുക വലിയ വെല്ലുവിളിയായതിനാൽ ജനങ്ങൾ പുറത്തിറങ്ങുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
അതിനിടെ നേരത്തെ പ്രഖ്യാപിച്ച പെരുന്നാൾ ദിനം മുതൽ മൂന്നുദിവസത്തെ സമ്പൂർണ ലോക്ഡൗൺ ഒരുദിവസത്തേക്കുകൂടി നീട്ടി.ഇതോടെ പെരുന്നാൾ ദിനമായ ചൊവ്വാഴ്ച ആരംഭിക്കുന്ന ലോക്ഡൗൺ ജൂലൈ 24 ശനിയാഴ്ച രാവിലെ നാലുവരെ നീളും. കോവിഡ് നിയന്ത്രണത്തിനായുള്ള സുപ്രീംകമ്മിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
കോവിഡ് പുതിയ വകഭേദം വളരെ വേഗത്തിൽ പടരുന്ന സാഹചര്യത്തിൽ മഹാമാരിയിൽനിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനാണ് തീരുമാനമെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. സിംഗപ്പൂർ, ബ്രൂണെ എന്നീ രാജ്യങ്ങളിൽനിന്ന് ഒമാനിലേക്ക് യാത്രചെയ്യുന്നതിനുള്ള വിലക്ക് സുപ്രീം കമ്മിറ്റി നീക്കിയതായി അറിയിച്ചു.തിങ്കളാഴ്ച വൈകീട്ട് അഞ്ചു മുതൽ ഈ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് അനുമതി നൽകും. കോവിഡ് അതിരൂക്ഷമായി വർധിച്ച സാഹചര്യത്തിലാണ് ഈ രാജ്യങ്ങളെ യാത്രവിലക്കുള്ളവയുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല