
സ്വന്തം ലേഖകൻ: ഒമാനിലെ പ്രവാസി ജനസംഖ്യയില്‍ ഈ വര്‍ഷം മാത്രം 55,000ല്‍ കൂടുതല്‍ പേരുടെ കുറവുണ്ടായതായി റിപ്പോര്‍ട്ട്. നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട ജനുവരി മുതല്‍ ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. 2021 ജനുവരി ഒന്നിന് 1,745,714 പ്രവാസികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ജൂലൈ 25 ആകുമ്പോഴേക്ക് അത് 1,690,146 ആയി കുറഞ്ഞതായി കണക്കുകള്‍ വ്യക്തമക്കുന്നു. ഈ കാലയളവില്‍ ഒമാനി ജനസംഖ്യയില്‍ 34,228 പേരുടെ വര്‍ധനവും രേഖപ്പെടുത്തി. 2,735,991 ല്‍ നിന്ന് 2,770,219 ആയാണ് വര്‍ധിച്ചത്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളും സ്വകാര്യ മേഖലയില്‍ കൂടുതല്‍ ഒമാനികള്‍ പ്രവേശിച്ചതുമാണ് പ്രവാസികളുടെ ജനസംഖ്യയില്‍ ഇത്രവലിയ കുറവുണ്ടാവാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
സ്വകാര്യ മേഖലയില്‍ കെട്ടിട നിര്‍മാണ രംഗത്താണ് മൂന്നിലൊന്ന് ഒമാനി ജീവനക്കാരും പണിയെടുക്കുന്നത്, 53,731 പേര്‍. ഉല്‍പ്പാദന മേഖലയില്‍ 32,296 ഒമാനികളും മൈനിംഗ് മേഖലയില്‍ 28,911 പേരും അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളില്‍ 19,675 പേരും ഫിനാന്‍സ്, ഇന്‍ഷൂറന്‍സ് മേഖലകളില്‍ 18,110 പേരുമാണ് ജോലി ചെയ്യുന്നത്.
സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ രൂക്ഷമായ ഒമാനില്‍ കൂടുതല്‍ സ്വകാര്യ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് ഒമാന്‍ ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട് വിവിധ മേഖലകള്‍ ഒമാനികള്‍ക്ക് മാത്രമാക്കാന്‍ ഇതിനകം കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പില്‍ വരുന്നതോടെ കൂടുതല്‍ പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായതിനെ തുടര്‍ന്ന് സ്വദേശി യുവാക്കള്‍ രണ്ടുമാസം മുമ്പ് തെരുവിലിറങ്ങിയതിനെ തുടര്‍ന്നാണ് സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ സ്വദേശി വല്‍ക്കരണം ശക്തമാക്കാന്‍ ഭരണകൂടം തീരുമാനമെടുത്തത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണ വിപണിയിലുണ്ടായ തകര്‍ച്ചയാണ് രാജ്യത്തെ സാമ്പത്തിക മേഖലയെ പിടിച്ചുലച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല