
സ്വന്തം ലേഖകൻ: ഒമാനിൽ കൂടുതൽ സ്വദേശിവൽക്കരണവുമായി ഭരണകൂടം. സർക്കാർ വകുപ്പുകളിലെയും സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിലെയും വിവിധ തസ്തികകളിലാണ് സ്വദേശിവൽക്കരണം. പ്രവാസികൾ ജോലി ചെയ്യുന്ന വിവിധ തസ്തികകളും സ്വദേശിവത്കരിച്ചതിൽ ഉൾപ്പെടും.
സിസ്റ്റം ഡെവലപ്പ്മെൻറ് ആൻഡ് അനാലിസിസ്, വെബ് ഡിസൈൻ, ടെക്നികൽ സപ്പോർട്ട് വിഭാഗങ്ങളാണ് സ്വദേശിവത്കരിച്ചത്. ഈ തസ്തികകളിൽ സ്വദേശികളെ മാത്രമേ നിയമിക്കാൻ പാടുള്ളൂവെന്നാണ് നിർദേശം. ഇക്കാര്യം അറിയിച്ച് ഗതാഗത, വാർത്താ വിനിമയ മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചു.
കംപ്യൂട്ടർ ടെക്നീഷ്യൻ, കംപ്യൂട്ടർ എൻജിനീയർ, ഇലക്ട്രോണിക് കംപ്യൂട്ടർ ടെക്നീഷ്യൻ, ഇലക്ട്രോണിക് കംപ്യൂട്ടർ തുടങ്ങിയ തസ്തികകളും സ്വദേശിവത്കരിച്ച വിഭാഗങ്ങളിൽ ഉൾപ്പെടും.
45ന് മേൽ പ്രായമുള്ളവർക്ക് ഞായറാഴ്ച മുതൽ വാക്സിൻ
45 വയസ്സിന് മുകളിലുള്ളവർക്ക് ജൂൺ 20 ഞായറാഴ്ച മുതൽ കോവിഡ് വാക്സിൻ നൽകിത്തുടങ്ങുമെന്ന് മസ്കത്ത് ഗവർണറേറ്റിലെ ഹെൽത്ത് സർവിസസ് ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററായിരിക്കും പ്രധാന വാക്സിനേഷൻ കേന്ദ്രം. ഖുറിയാത്തിലെ അൽ സഹെൽ ഹെൽത്ത് സെന്ററിലും വാക്സിനേഷൻ ഉണ്ടായിരിക്കും.
പ്രവൃത്തി ദിവസങ്ങളിൽ ഒമാൻ കൺവെൻഷൻ സെൻററിൽ രാവിലെ എട്ടുമുതൽ ഉച്ചക്ക് രണ്ടുവരെയും വൈകീട്ട് മൂന്നുമുതൽ ഒമ്പതുവരെയുമായിരിക്കും വാക്സിനേഷൻ. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് നാലുവരെയായിരിക്കും കുത്തിവെപ്പ്.
ഖുറിയാത്ത് ഹെൽത്ത് സെൻററിൽ ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെയായിരിക്കും വാക്സിനേഷൻ. സീബിലെ ഒമാൻ ഒാട്ടോമൊബൈൽ അസോസിയേഷനിൽ ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ വൈകീട്ട് നാലുമുതൽ ഒമ്പതുവരെയും ഡ്രൈവ് ത്രൂ വാക്സിനേഷൻ ഉണ്ടായിരിക്കും.
ജൂൺ 21 മുതലുള്ള അടുത്ത ഘട്ട മാസ് വാക്സിനേഷനിൽ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററായിരിക്കും പ്രധാനവേദിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരുക്കങ്ങൾ വിലയിരുത്താൻ ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ കൺവെൻഷൻ സെന്റർ സന്ദർശിച്ചിരുന്നു.
വാക്സിനേഷനുവേണ്ടി ഇലക്ട്രോണിക് ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. തറാസുദ് പ്ലസ് ആപ്ലിക്കേഷൻ വഴി http://covid19.moh.gov.om എന്ന പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്ന 45 വയസ്സിന് മുകളിലുള്ളവർ സർക്കാർ അംഗീകൃത കേന്ദ്രങ്ങളിലെ കുത്തിവെപ്പിന് മുൻകൂട്ടി അേപ്പായിൻമെന്റ് ബുക്ക് ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല