1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2021

സ്വന്തം ലേഖകൻ: ഒമാനിലെ ഭരണനിർവഹണ കാര്യാലയങ്ങളിൽ 1,000ൽ ഏറെ സ്വദേശികളെ നിയമിക്കുമെന്ന് തൊഴിൽ മന്ത്രാലയം. 15 ബിരുദാനന്തര ബിരുദധാരികൾ, 887 ബിരുദധാരികൾ, 181 ഡിപ്ലോമക്കാർ എന്നിവരുൾപ്പെടെയാണിത്. പൊതു-സ്വകാര്യ മേഖലകളിൽ കൂടുതൽ സ്വദേശികൾക്കു നിയമനം നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നത് ഒട്ടേറെ പ്രവാസികളുടെ സാധ്യതകളെ ബാധിക്കും.

ഇലക്ട്രിസിറ്റി മേഖലയില്‍ ഒമാന്‍വല്‍ക്കരണം ശക്തിപ്പെടുത്താൻ തൊഴില്‍ മന്ത്രാലയം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതോടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 800 പ്രവാസികള്‍ക്ക് ആദ്യഘട്ടത്തില്‍ തൊഴില്‍ നഷ്ടമാവും. ഇതുമായി ബന്ധപ്പെട്ട് തൊഴില്‍ മന്ത്രാലയം ബന്ധപ്പെട്ടവരുമായി കരാറില്‍ ഒപ്പുവച്ചു.

800 ഒമാനി എഞ്ചിനീയര്‍മാര്‍ക്കും ടെകിനീഷ്യന്‍മാര്‍ക്കും തൊഴില്‍ കണ്ടെത്താന്‍ പുതിയ കരാറിലൂടെ സാധിക്കുമെന്ന് പബ്ലിക് സര്‍വീസസ് റെഗുലേഷന്‍ അതോറിറ്റി ചെയര്‍മാന്‍ ഡോ. മന്‍സൂര്‍ താലിബ് അല്‍ ഹിനായ് അറിയിച്ചു. ഇവര്‍ക്ക് ആവശ്യമായ മേഖലയില്‍ പരിശീലനം നല്‍കാനും അതിനു ശേഷം സ്ഥിരം ജോലി നല്‍കാനുമാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ പ്രധാന പ്രൊഫഷനല്‍ ട്രെയിനിംഗ് ഏജന്‍സിയായ നമാ ഗ്രൂപ്പുമായി സഹകരിച്ചാണ് ഇവര്‍ക്ക് പരിശീലനം നല്‍കുക. ഇതിനുള്ള സാമ്പത്തിക സഹായം തൊഴില്‍ മന്ത്രാലയം നല്‍കും. ഇതുമായി ബന്ധപ്പെട്ട കരാറില്‍ തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സയ്യിദ് സാലിം മുസല്ലം അല്‍ ബുസൈദിയും നമാ ഗ്രൂപ്പ് സിഇഒ എഞ്ചിനീയര്‍ ഉമര്‍ ഖല്‍ഫാന്‍ അല്‍ വഹൈബിയും തമ്മില്‍ ഒപ്പുവച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.