
സ്വന്തം ലേഖകൻ: ഒമാനിൽ പ്രവാസി ജനസംഖ്യ കുറഞ്ഞു വരുന്നതായി കണക്കുകൾ. നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം ആകെ ജനസംഖ്യയുടെ 38 ശതമാനമാണ് നിലവിൽ പ്രവാസികൾ. 45 ലക്ഷമാണ് ആകെ ജനസംഖ്യ. ഇതിൽ 27 ലക്ഷം സ്വദേശികളും 17 ലക്ഷം വിദേശികളുമാണ്. ഒമാനികളുടെ ജനസംഖ്യ 61 ശതമാനമായിട്ടുണ്ട്. 2019ലെ കണക്കുകൾ പ്രകാരം 40 ശതമാനമായിരുന്നു രാജ്യത്തെ പ്രവാസികളുടെ എണ്ണം.
ഒമാനിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തിലും കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. 14 ലക്ഷം പ്രവാസികളാണ് ഈ വർഷം ജനുവരി അവസാനത്തിലെ കണക്കുകൾ പ്രകാരം വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നത്. ഇത് മുൻകാലങ്ങളെ അപേക്ഷിച്ച് 14 ശതമാനം കുറവാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. പ്രധാനമായും തൊഴിൽ മന്ത്രാലയം നടപ്പാക്കിയ സ്വദേശിവത്കരണ നയം പ്രവാസികളുടെ കൊഴിഞ്ഞുപോക്കിന് കാരണമായി.
പ്രവാസികളിൽ 11 ലക്ഷം പേർ സ്വകാര്യ മേഖലയിലും 41,000 പേർ സർക്കാർ മേഖലയിലും 1.49 ലക്ഷം പേർ ഗാർഹിക മേഖലയിലുമാണ് പ്രവർത്തിക്കുന്നത്. എൻജിനീയറിങ് മേഖലയിലാണ് ഏറ്റവും കൂടുതൽ പ്രവാസികൾ തൊഴിൽ ചെയ്യുന്നത്. 5.68 ലക്ഷം പേരും ഈ മേഖലയിൽ തൊഴിൽ കണ്ടെത്തുന്നു. 4.15 ലക്ഷം പ്രവാസികൾ സേവന മേഖലയിലും 99,000 പേർ ഭക്ഷ്യ-പെട്രോകെമിക്കൽ മേഖലയിലും പ്രവർത്തിക്കുന്നു.
പ്രവാസികളിൽ 1.14 ലക്ഷം പേർക്ക് മാത്രമാണ് ബിരുദമെങ്കിലും വിദ്യാഭ്യാസ യോഗ്യതയുള്ളത്. 9000 പേർക്ക് ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി എന്നിവയുണ്ട്. ബംഗ്ലാദേശ് സ്വദേശികളാണ് പ്രവാസി ജനസംഖ്യയിൽ ഏറ്റവും കൂടുതലുള്ളത്.രണ്ടാം സ്ഥാനം ഇന്ത്യക്കാർക്കാണ്. ആകെ 4.9 ലക്ഷം ഇന്ത്യക്കാർ ഒമാനിൽ കഴിയുന്നുണ്ട്. പാകിസ്താനികളും ഫിലിപ്പീൻസുകാരുമാണ് മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. പ്രവാസികളിൽ കൂടുതൽ പേരും മസ്കത്ത് ഗവർണറേറ്റിലാണ് ജോലിചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല