സ്വന്തം ലേഖകൻ: ഉള്ളി കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയതോടെ യമൻ, സുഡാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഉള്ളി വിപണിയിലെത്തിയതോടെ ഉള്ളി വില ഇനിയും ഉയരാൻ സാധ്യതയില്ലെന്ന് വ്യാപാരികൾ. ഇന്ത്യൻ ഉള്ളിയുടെ വരവ് നിലച്ചതോടെ പാകിസ്താൻ ഉള്ളി മാർക്കറ്റിലുണ്ടായിരുന്നു. വില കൂടിയെങ്കിലും ഇന്ത്യൻ ഉള്ളിയോട് ഏകദേശം കിടപിടിക്കുന്നതാണിത്.
എന്നാൽ, പാകിസ്താൻ ഉള്ളിയുടെ വരവ് കുറഞ്ഞതോടെ വില വർധിക്കാൻ തുടങ്ങിയിരുന്നു. ഇപ്പോൾ ഒമാനിൽ ഉള്ളിക്ക് റെക്കോഡ് വിലയാണുള്ളത്. എന്നാൽ, യമൻ, സുഡാൻ എന്നീ രാജ്യങ്ങളുടെ ഉള്ളി സുലഭമായി എത്താൻ തുടങ്ങിയെന്നാണ് കയറ്റുമതി മേഖലയിലുള്ളവർ പറയുന്നത്.
ഒമാൻ അടക്കമുള്ള രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഉള്ളി ഉപയോഗിക്കുന്നത് റമദാനിലാണ്. ബംഗ്ലദേശ്, പാകിസ്താൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ഉള്ളി വിഭവങ്ങൾ കൂടുതൽ ഉപയോഗിക്കുക. ഇഫ്താറിനും ഉള്ളികൊണ്ടുള്ള പൊരിയും മറ്റും ബഹുഭൂരിപക്ഷത്തിനും നിർബന്ധമാണ്. ബിരിയാണി അടക്കമുള്ള മറ്റ് ഭക്ഷ്യ വിഭവങ്ങളും കൂടുതൽ ഉപയോഗിക്കുന്നതിനാൽ ഉള്ളിയുടെ ആവശ്യം മറ്റ് മാസങ്ങളെക്കാൾ വളരെ കൂടുതലായിരിക്കും.
ഹോട്ടലുകളിലും കുടുംബങ്ങളിലുമെല്ലാം ഉള്ളികൊണ്ടുള്ള വിഭവങ്ങൾ ധാരാളമായി ഉപയോഗിക്കും. അതിനാൽ ഉള്ളി വില വർധിക്കുന്നത് കുടുംബ ബജറ്റ് അട്ടിമറിയാൻ കാരണമാവും. ഇന്ത്യൻ ഉള്ളി വിപണിയിൽ എത്തിയാൽ മാത്രമാണ് വില കുറവ് പ്രതീക്ഷിക്കാൻ കഴിയുക. ബംഗ്ലാദേശ്, മൗറീഷ്യസ്, ബഹ്റൈൻ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലേക്ക് പരിമിതമായ രീതിയിൽ കയറ്റുമതി അനുവദിക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. മൊത്തം 54,760 ടൺ ഉള്ളിയാണ് കയറ്റിയയക്കുക.
ഇതിൽ 50,000 ടൺ ഉള്ളിയും ബംഗ്ലാദേശിലേക്കാണ് കയറ്റി അയക്കുക. 1,200 ടൺ മൗറീഷ്യസിലേക്കും 3,000 ടൺ ബഹ്റൈനിലേക്കും 560 ടൺ ഭൂട്ടാനിലേക്കും കയറ്റിയയക്കും. റമദാനിൽ ഏറ്റവും കുടുതൽ ഉള്ളി ഉപയോഗിക്കുന്നത് ബംഗ്ലാദേശിലാണ്. ബംഗ്ലാദേശ് അധികൃതരുടെ പ്രത്യേക അപേക്ഷ പരിഗണിച്ചാണ് കുടുതൽ ഉള്ളി കയറ്റിയയക്കുന്നതെന്ന് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല