
സ്വന്തം ലേഖകൻ: ഒമാനിലെ സാധാരണ ടാക്സികളിൽ നിരക്കുകൾ കാണിക്കാനുള്ള മീറ്റർ സംവിധാനം ഉടൻ ഏർപ്പെടുത്തും. ഓറഞ്ചും വെള്ളയും നിറത്തിലുള്ള ടാക്സികൾക്ക് ആണ് മീറ്റർ സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന് വേണ്ടിയുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി തുടങ്ങി. അടുത്ത മാസങ്ങളിൽ ഇത് നിലവിൽവരുമെന്ന് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു. നടപടികൾ എല്ലാം പൂർത്തിയായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
എന്നാൽ ചില ടാക്സി കമ്പനികൾക്ക് ഇത് ബാധകമായിരിക്കില്ല. ഇത് ടാക്സി, ഉബർ, മുവാസലാത്ത് ടാക്സി, എയർപോർട്ട് ടാക്സി തുടങ്ങിയ കമ്പനികൾക്ക് ബാധകമായിരിക്കില്ല. . മീറ്റർ ടാക്സികൾ കൊണ്ടുവരണം എന്ന കാര്യത്തിൽ നിരവധി തവണ ചർച്ചകൾ നടന്നിട്ടുണ്ട്. ഇതുസംബന്ധമായ തീരുമാനങ്ങൾ പല തവണ എടുത്തിട്ടുണ്ടെങ്കിലും നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. പല കാരണങ്ങൾ കൊണ്ട് ഇത് നീണ്ടു പോകുകയായിരുന്നു.
മീറ്റർ ടാക്സികൾ സംബന്ധമായി പല സംശയങ്ങൾ ഇപ്പോൾ ഉയർന്നു വരുന്നുണ്ട്. ലൈൻ ടാക്സികളിലാണ് ബഹുഭൂരിപക്ഷവും യാത്ര ചെയ്യുന്നത്. താരതമ്യേന ചെലവ് കുറഞ്ഞതാണ് ഇവ. അടുത്തിടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ഡ്രൈവർമാർക്കും ഇതുവഴി മോശമല്ലാത്ത ഒരു തുക വരുമാനമായി ലഭിക്കുന്നുണ്ട്. 200, 300 ബൈസക്ക് അധികം ദൈർഘ്യമില്ലാത്ത ദൂരങ്ങൾ യാത്രചെയ്യാൻ കഴിയുന്നതാണ് ഈ സംവിധാനം.
യാത്രക്കാരന്റെ ലഭ്യത അനുസരിച്ചാണ് ഇവ ഓടുന്നതെങ്കിലും ദീർഘദൂര യാത്രക്കാർക്കുപോലും വലിയ ചെലവില്ലാതെ യാത്ര ചെയ്യാൻ ഇതിലൂടെ സാധിക്കും. മീറ്റർ ടാക്സി നിലവിൽവരുന്നതോടെ ലൈൻ ടാക്സികൾ നിലക്കുമോ എന്നാണ് പലരും സംശയിക്കുന്നത്. അതോ ഇത്തരം ടാക്സികളിൽ ഇനി മീറ്ററുകൾ ഘടിപ്പിക്കുമോ എന്ന സംശയവും പലർക്കും ഉണ്ട്.
റൂവിയിൽ അൽ ഖുവൈറിലേക്ക് 400 ബൈസ ഇപ്പോൾ ഈടാക്കുന്നത്. എന്നാൽ മീറ്റർ ടാക്സി വരുന്നതോടെ ഇത് മൂന്ന്, നാല് റിയാൽ ആയി ഉയരും. ടാക്സികളുടെ നിരക്ക് വർധിക്കുന്നത് കുറഞ്ഞ വരുമാനക്കാർ ആയ യാത്രക്കാർക്ക് വലിയ ചെലവായി മാറും. പലരും ചെറിയ ടാക്സികളെ ഒഴിവാക്കാൻ സാധ്യതയുണ്ട്. പിന്നീട് ബസ് സർവീസ് ആയിരിക്കും പലരും ആശ്രയിക്കുന്നത്. എന്നാൽ യാത്രക്കാർ കൂടാൻ തുടങ്ങിയാൽ ബസ് നിരക്ക് കൂട്ടും. മീറ്റർ ടാക്സികൾ സംബന്ധമായ വ്യക്തമായ വിവരങ്ങൾ വരും ദിവസങ്ങളിൽ അധികൃതർ പുറത്തു വിടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല