
സ്വന്തം ലേഖകൻ: ഒമാനിൽ പൊതുമേഖല സ്ഥാപനങ്ങളിൽ ഈവർഷം 7000ജോലികളിൽനിന്ന് പ്രവാസികളെ ഒഴിവാക്കി ഒമാനികളെ നിയമിക്കും. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഒമാൻവത്കരണത്തിെൻറ ഭാഗമായാണ് നടപടി സ്വീകരിക്കുകയെന്ന് തൊഴിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ശൈഖ് നസ്ർ ബിൻ അമീർ അൽ ഹുസ്നി പറഞ്ഞു.പൊതുമേഖലയിൽ ജോലിചെയ്യുന്ന 40,000 പ്രവാസികളെ ഘട്ടംഘട്ടമായി വർഷത്തിൽ 7,000 മുതൽ 10,000 വരെ കണക്കിൽ പുറത്താക്കുകയും സ്വദേശികളെ നിയമിക്കുകയും ചെയ്യും.
സർക്കാർ നിയന്ത്രിത കമ്പനികളിൽ 9000 ജീവനക്കാർ ജോലിചെയ്യുന്നുമുണ്ട്. സ്വകാര്യ മേഖലയിൽ 12,000 തൊഴിലുകളിൽ ഈവർഷം സ്വദേശികളെ നിയമിക്കുമെന്നും മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയായ അൽ ഹുസ്നി കൂട്ടിച്ചേർത്തു. നിലവിൽ മൂവായിരത്തിലേറെ പദവികൾ സ്വദേശിവത്കരിച്ചിട്ടുണ്ട്.നിലവിലെ സാഹചര്യത്തിൽ മികച്ച എണ്ണമാണിത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്വകാര്യമേഖലയിൽ പ്രവാസികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.
കോവിഡ് അടക്കമുള്ള കാരണങ്ങളാലാണിത്. പുതുതായി നിരവധി സ്വദേശികളെ സ്വകാര്യമേഖലയിൽ നിയമിച്ചിട്ടുണ്ട്. എന്നാൽ, പല കമ്പനികളും മുൻപരിചയമടക്കമുള്ള കാര്യങ്ങൾ നിയമനത്തിന് ആവശ്യമാണെന്ന് പറയുന്നു. ഇത് എല്ലാവരുടെ കാര്യത്തിലും മാദണ്ഡമാക്കാൻ കഴിയില്ല.സ്വദേശികൾക്ക് തൊഴിൽ നൈപുണ്യം നൽകുന്നതിന് പരിശീലനം അടക്കമുള്ള കാര്യങ്ങൾ മന്ത്രാലയം നിർവഹിക്കുന്നുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുതായി ജോലിയിൽ പ്രവേശിച്ചവർക്ക് തൊഴിൽ മേഖലയിലേക്കുള്ള തുടക്കമാണെന്നും അനുഭവങ്ങൾ ആർജിച്ച് കൂടുതൽ മികച്ച അവസരങ്ങളിലേക്ക് വളരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ മന്ത്രാലയങ്ങളും സർക്കാർ ബോഡികളും ഒമാൻ ജനറൽ ഫെഡറേഷൻ ഓഫ് വർക്കേഴ്സ് അംഗങ്ങളും ഉൾപ്പെട്ട ഒരു കമ്മിറ്റിക്ക് തൊഴിൽ വകുപ്പ് രൂപം നൽകിയിട്ടുണ്ട്.കമ്പനികളിലെ തൊഴിൽ പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും ഈ കമ്മിറ്റി പരിശോധിക്കുന്നുണ്ട്.തൊഴിലാളികളെ പിരിച്ചുവിടുന്ന സാഹചര്യം അനിവാര്യമായ സന്ദർഭങ്ങളിൽ മാത്രമാണ് അനുവദിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല