1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2024

സ്വന്തം ലേഖകൻ: മിഡിൽ ഈസ്റ്റിലെത്തന്നെ ആദ്യത്തെ ബഹിരാകാശ തുറമുഖം സ്ഥാപിക്കാനൊരുങ്ങി ഒമാൻ. ബഹിരാകാശ തുറമുഖ വികസനത്തിനായി സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ പദ്ധതികള്‍ അവതരിപ്പിച്ചു. 2030 ഓടെ ഇത് പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത്‌ലാക് എന്ന പേരിലാണ് തുറമുഖം സ്ഥാപിക്കുന്നത്. മസ്‌കറ്റില്‍ നടന്ന മിഡില്‍ ഈസ്റ്റ് സ്പേസ് കോണ്‍ഫറന്‍സില്‍ നാഷണല്‍ സാറ്റലൈറ്റ് സര്‍വീസസ് കമ്പനിയും (നാസ്‌കോം) ഒമാന്‍ടെലും ഇത്‌ലാക് എന്ന ബഹിരാകാശ സേവന കമ്പനി ഉദ്ഘാടനം ചെയ്യുന്നതിനുള്ള നിക്ഷേപ കരാറില്‍ ഒപ്പുവെച്ചതായി ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ദുഖിൽ അത്യാധുനിക സൗകര്യങ്ങളുമായി ഒരുക്കുന്ന ഇത്‌ലാക് എല്ലാവിധ ബഹിരാകാശ വിക്ഷേപണങ്ങള്‍ക്കും പര്യാപ്തമാണ്. 2023 ജനുവരിയിലാണ് പ്രാരംഭ ആശയം അവതരിപ്പിച്ചത്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ വ്യവസായത്തിലെ പ്രധാനപ്പെട്ടതായി ഇത്‌ലാകിനെ സ്ഥാപിക്കാനാണ് നാസ്‌കോം പദ്ധതിയിടുന്നത്. 2025-ഓടെ വികസനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇത്‌ലാക് ആസൂത്രണ ഘട്ടത്തിലാണെന്ന് നാസ്‌കോം ചെയർമാൻ അസ്സാൻ അൽ സെയ്ദ് പ്രഖ്യാപിച്ചതായി ഗുൽ ന്യൂസ് റിപ്പോർട്ട് ചെയ്തു.

അന്താരാഷ്‌ട്ര ബഹിരാകാശ പര്യവേഷണ കമ്പനികളുടെ ആകർഷകമായ ലക്ഷ്യസ്ഥാനമാക്കി ഒമാനെ മാറ്റിക്കൊണ്ട് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ നിശ്ചയിച്ചിട്ടുള്ള ഏറ്റവും ഉയർന്ന നിലവാരം പുലർത്തുകയാണ് സ്‌പേസ് പോർട്ട് ലക്ഷ്യമിടുന്നത്. ബ്ലൂ ഒറിജിൻ, വിർജിൻ ഗാലക്‌റ്റിക് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ യുഎഇ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റിനെ ബഹിരാകാശ ടൂറിസം ഫ്ലൈറ്റുകളുടെ ലോഞ്ച് സൈറ്റായാണ് പരിഗണിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.