1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2021

സ്വന്തം ലേഖകൻ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖ് ദോഹയിലെത്തി. ഇരു രാജ്യങ്ങളും അവിടങ്ങളിലെ ജനങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധം കൂടുതല്‍ ശക്തമാവാന്‍ സന്ദര്‍ശനം സഹായിക്കുമെന്ന് ഇരു ഭരണാധികാരികളും പ്രതീക്ഷ പ്രകടിപ്പിച്ചു.

ഖത്തര്‍ അമീറും ഒമാന്‍ സുല്‍ത്താനും നടത്തിയ കൂടിക്കാഴ്ചയില്‍ വിവിധ മേഖലകളിലായി ആറ് സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു. സൈനിക സഹകരണം, ഇരട്ട നികുതി ഒഴിവാക്കല്‍, ടൂറിസം, തുറമുഖ ഗതാഗതം, തൊഴില്‍, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കൂടിക്കാഴ്ചയില്‍ ധാരണയായി.

ഖത്തര്‍ സന്ദര്‍ശനത്തിനെത്തിയ ഒമാന്‍ ഭരണാധികാര സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖിന് രാജകീയ വരവേല്‍പ്പാണ് ദോഹ വിമാനത്താവളത്തില്‍ നല്‍കിയത്. ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി തന്നെ അദ്ദേഹത്തെ സ്വീകരിക്കാന്‍ നേരിട്ടെത്തി. ഡെപ്യൂട്ടി അമീര്‍ ശെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി, അമീറിന്റെ പേഴ്സണല്‍ പ്രതിനിധി ശെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, മറ്റ് പ്രമുഖ വ്യക്തികള്‍, മന്ത്രിമാര്‍ തുടങ്ങിയവരും സുല്‍ത്താനെ വരവേല്‍ക്കാന്‍ എത്തിയിരുന്നു.

തുടര്‍ന്ന് അമീരി ദീവാനി ഔപചാരിക ചടങ്ങുകളോടെ ഒമാന്‍ സുല്‍ത്താന് സ്വീകരണമൊരുക്കി. ഖത്തറിന്റെ ആദരവായി രാഷ്ട്ര സ്ഥാപകന്‍ ശെഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ അല്‍താനിയുടെ വാള്‍ ഒമാന്‍ സുല്‍ത്താന് ഖത്തര്‍ അമീര്‍ സമ്മാനിച്ചു. ഒമാന്റെ സിവില്‍ ഓര്‍ഡര്‍ പുരസ്‌കാരം അമീര്‍ ശെയ്ഖ് തമീം ബിന്‍ഹമദ് അല്‍താനിയും ഏറ്റുവാങ്ങി. സുല്‍ത്താനുമായി ഏറ്റവും സവിശേഷവും ഊഷ്മളവുമായ ബന്ധമുള്ള രാഷ്ട്രത്തലവന്‍മാര്‍ക്ക് നല്‍കുന്ന ഫസ്റ്റ് ക്ലാസ് ഒമാന്‍ സിവില്‍ ഓര്‍ഡറാണ് സുല്‍ത്താന്‍ ഹൈത്തം ഖത്തര്‍ അമീറിന് സമ്മാനിച്ചത്.

അമീറിനൊപ്പം ഗാര്‍ഡ്ഓഫ് ഓണര്‍ ഏറ്റുവാങ്ങിയ ശേഷം, ഇരുരാഷ്ട്രത്തലവന്‍മാരും കൂടിക്കാഴ്ച നടത്തി. ഖത്തറും ഒമാനും തമ്മിലെ വിവിധ മേഖലകളിലായി ആറ് സഹകരണ കരാറിലാണ് ഒപ്പുവെച്ചത്. സൈനിക സഹകരണം, ഇരട്ട നികുതി ഒഴിവാക്കല്‍, വിവിധ മേഖലകളിലെ നിക്ഷേപങ്ങള്‍, തൊഴിലാളി -മാനുഷിക വിഭശേഷി വികസനങ്ങളിലെ സഹകരണം, ടൂറിസം, ഹോസ്പിറ്റാലിറ്റി, തുറമുഖ ഗതാഗതം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടതായിരുന്നു കരാറുകളെന്ന് അമീരി ദിവാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇരട്ട നികുതി ഒഴിവാക്കുന്നതിനു പുറമെ, ആദായ നികുതിയിലും മൂലധന നികുതിയിലുമുള്ള വെട്ടിപ്പ് തടയുന്നതിനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. നിക്ഷേപ മേഖലയില്‍ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയും ഒമാന്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയും സഹകരണ കരാറിലും ഒപ്പുവച്ചു. ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരീഖ് അല്‍ സെയ്ദ് ഉള്‍പ്പെടെയുള്ള പ്രമുഖരും ഖത്തര്‍ സന്ദര്‍ശന വേളയില്‍ സുല്‍ത്താനെ അനുഗമിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.