
സ്വന്തം ലേഖകൻ: ഒമാനിൽ അടുത്ത വർഷം മുതൽ വിദേശികളുടെ തൊഴിൽ വീസക്കായുള്ള ഫീസ് വർധിക്കും. അഞ്ച് ശതമാനമായിരിക്കും വർധിക്കുക. ഇൗ അധിക തുക സ്വദേശി തൊഴിലാളികൾക്കായി പുതുതായി രൂപവത്കരിച്ച തൊഴിൽ സുരക്ഷ സംവിധാനത്തിലേക്ക് മാറ്റിവെക്കുമെന്നും തൊഴിൽ മന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. പുതുതായി അനുവദിക്കുന്ന തൊഴിൽ പെർമിറ്റിനും കാലാവധി കഴിയുന്നവ പുതുക്കുന്നതിനും അധിക ഫീസ് നൽകേണ്ടിവരും. ഇപ്പോൾ ഫീസ് 300 റിയാൽ ഉള്ളതിന് 315 റിയാൽ നൽകേണ്ടിവരും. ഹൗസ് ഡ്രൈവർമാർ, വീട്ടുജോലിക്കാർ, കൃഷി തോട്ടക്കാർ തുടങ്ങിയ തസ്തികകളിലേക്കുള്ള പെർമിറ്റുകൾ, മറ്റ് പ്രത്യേക തൊഴിൽ പെർമിറ്റുകൾ എന്നിവക്ക് ഇൗ വർധനവ് ബാധകമായിരിക്കില്ല.
നവംബർ ഒന്നിനാണ് തൊഴിൽ സുരക്ഷാ സംവിധാനത്തിെൻറ (ജെ.എസ്.എസ്) ആദ്യ ഘട്ടം പ്രവർത്തനമാരംഭിക്കുക. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ജോലി നഷ്ടപ്പെട്ട സ്വദേശികൾക്ക് മാന്യമായ ജീവിത സാഹചര്യം ഉറപ്പുവരുത്തുകയാണ് സംവിധാനം ആദ്യ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. അടുത്ത ഘട്ടത്തിൽ തൊഴിലന്വേഷകരെയും കൂടി ഉൾപ്പെടുത്തി സംവിധാനത്തിെൻറ പ്രവർത്തനം വിപുലീകരിക്കും. ഇതിെൻറ നിബന്ധന പ്രകാരം ഏതെങ്കിലും തൊഴിലുടമക്ക് സ്വദേശി ജീവനക്കാരനെ പിരിച്ചുവിടണമെന്നുണ്ടെങ്കിൽ മൂന്ന് മാസം മുമ്പ് തൊഴിൽ മന്ത്രാലയത്തെ വിവരമറിയിക്കണം. ഇങ്ങനെ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് താൽക്കാലിക സാമ്പത്തിക സഹായം നൽകുന്നതിന് ഒപ്പം പുതിയ തൊഴിലവസരങ്ങൾ അന്വേഷിക്കുന്നതിന് സഹായിക്കുകയും പരിശീലനം ആവശ്യമുള്ളവർക്ക് അത് നൽകുകയും ചെയ്യുമെന്ന് ഗവൺമെൻറ് കമ്മ്യൂണിക്കേഷൻ സെൻറർ അറിയിച്ചു.
നിലവിൽ പെൻഷനോ സാമൂഹിക ഇൻഷൂറൻസ് ആനുകൂല്ല്യമോ ലഭിക്കാത്തവർക്കാണ് ഇതിെൻറ കീഴിൽ സഹായം നൽകുക. ഇതോടൊപ്പം ജോലി സ്വന്തം ഇഷ്ടപ്രകാരം ഉപേക്ഷിച്ചവരോ തൊഴിൽ കരാർ കാലാവധി കഴിഞ്ഞവരോ ജോലിയിൽ നിന്ന് ഒഴിവാക്കാൻ തൊഴിലുടമയോട് സമ്മതം അറിയിച്ചവരും ആകരുത് അപേക്ഷകർ. അച്ചടക്ക നടപടികളുടെ ഭാഗമായി ജോലി നഷ്ടപ്പെട്ടവർക്കും സഹായം ലഭിക്കില്ല. ജോലി ചെയ്യാൻ കഴിവുള്ളവരും തൊഴിലവസരങ്ങൾ സജീവമായി അന്വേഷിക്കുന്നവരുമാകണം അപേക്ഷകർ. ജോലി നഷ്ടപ്പെട്ട് 90 ദിവസത്തിനുള്ളിൽ ജെ.എസ്.എസ് സംവിധാനത്തിെൻറ ആനുകൂല്ല്യത്തിന് അപേക്ഷിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല