
സ്വന്തം ലേഖകൻ: കൊവിഡ് സാഹചര്യത്തിൽ റസ്റ്റാറൻറുകൾക്കും കഫേകൾക്കും ഹോട്ടലുകൾക്കുമുള്ള മാർഗനിർദേശങ്ങൾ പൈതൃക-ടൂറിസം മന്ത്രാലയം പുറത്തിറക്കി. റസ്റ്റാറൻറുകളിലും കഫേകളിലും മുൻകരുതൽ നടപടി പാലിച്ചുവേണം ബുഫേ സംവിധാനം ഒരുക്കാൻ. ഭക്ഷണം കഴിക്കാനെത്തുന്നവരുടെ താപനില പരിശോധിക്കണം. മേശകളും കസേരകളും അകലം പാലിച്ച് ഇടണം.
കൃത്യമായ ഇടവേളകളിൽ മാർഗ നിർദേശങ്ങൾ പാലിച്ച് അണുനശീകരണം നടത്തണം. ജീവനക്കാർ കൈയുറകൾ ധരിക്കണം. ഇടക്കിടെ കൈയുറ മാറ്റി കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. ഡിജിറ്റൽ പേയ്മെൻറ് പ്രോത്സാഹിപ്പിക്കണം. തിരക്ക് ഒഴിവാക്കാൻ റിസർവേഷൻ ഏർപ്പെടുത്തണം. അടുക്കളയിൽ വായു സഞ്ചാരത്തിനൊപ്പം അണുനശീകരണവും നടത്തണം.
ഹോട്ടലുകളിൽ പ്രവേശന കവാടങ്ങൾ കുറക്കണമെന്നും നിർദേശത്തിൽ പറയുന്നു. കൊവിഡ് മാർഗനിർദേശങ്ങൾ പ്രധാന കവാടത്തിൽ പ്രദർശിപ്പിക്കണം. കവാടത്തിൽ മുഖാവരണം ലഭ്യമാക്കണം. ഹോട്ടലിൽ പ്രവേശിക്കുന്നവർ മുഖാവരണം ധരിച്ചതായി ഉറപ്പാക്കണം. ഹാൻഡ് സാനിറ്റൈസർ കാണാവുന്ന സ്ഥലത്തുതന്നെ വെക്കണം. ജീവനക്കാരുടെയും അതിഥികളുടെയും താപനില പരിശോധിക്കണം.
ബാഗേജുകൾ ചെക്ക് ഇൻ ചെക്ക് ഒൗട്ട് സമയത്ത് രോഗാണുമുക്തമാക്കണം. പാർക്കിങ് സേവനങ്ങളും മുൻകരുതൽ നടപടികളോടെ പുനരാരംഭിക്കാം. റിസപ്ഷനിൽ പൊതുവായി ഉപയോഗിക്കാവുന്ന സാധനങ്ങൾ നീക്കണം. അതിഥികളും റിസപ്ഷനിസ്റ്റും തമ്മിൽ രണ്ടു മീറ്റർ അകലം ഉറപ്പാക്കണം. സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ച അടയാളങ്ങൾ സ്ഥാപിക്കണം.
ഹോട്ടലുകൾ ഹൗസ്കീപ്പിങ് പുറം കരാർ നൽകിയിരിക്കുകയാണെങ്കിൽ ജീവനക്കാർക്ക് കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. ഇവരെ ഒരു ഹോട്ടലിൽനിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ പാടില്ല. ഒരു സമയം ഒരു മുറിയിൽ ഒരാൾ മാത്രമാണ് ഹൗസ്കീപ്പിങ് ജോലികൾ ചെയ്യാൻ പാടുള്ളൂ. ഒൗട്ട്സോഴ്സിങ് കമ്പനികളിലെ ജീവനക്കാർക്ക് ഹോട്ടലിലോ അല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥലത്തോ താമസസൗകര്യം ഒരുക്കാൻ ശ്രമിക്കണം.
ഡിസ്പോസിബിൾ ലോണ്ട്റി ബാഗുകൾ ഉപയോഗിക്കണം. ജീവനക്കാർ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഏപ്രണും വാട്ടർപ്രൂഫ് ഷൂസുമാണ് ശുചിയാക്കുന്ന സമയത്ത് ധരിക്കാൻ പാടുള്ളൂ. ജീവനക്കാർക്ക് ഇടക്കിടെ റാപിഡ് ടെസ്റ്റുകളും നടത്തണം. മുറികൾ ഒരാൾ ഒഴിഞ്ഞ് രോഗാണുമുക്തമാക്കൽ പ്രവർത്തനങ്ങളും മറ്റും നടത്തിയ ശേഷം കുറഞ്ഞത് 24 മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷമേ അടുത്തയാൾക്ക് നൽകാൻ പാടുള്ളൂ.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നവരും സാമൂഹിക അകലം പാലിക്കണം. ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനുമുമ്പ് മുൻകൂർ ബുക്കിങ്ങിന് ശ്രമിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ട്രാവൽ ആൻഡ് ടൂറിസം ഏജൻസികൾ നടത്തുന്നവർ ജോലിയുടെ ഭാഗമായി തങ്ങൾ ഇടപെട്ടവരുടെ സമ്പർക്ക പട്ടിക സൂക്ഷിക്കണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്. കുറഞ്ഞത് മൂന്നുമാസമെങ്കിലും ഇൗ വിവരങ്ങൾ സൂക്ഷിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല