
സ്വന്തം ലേഖകൻ: എണ്ണയിതര സമ്പദ് വ്യവസ്ഥയിലൂടെ ഒമാെൻറ ശോഭനമായ ഭാവി വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള വിഷൻ 2040 പദ്ധതി 2021 ജനുവരി മുതൽ പ്രവർത്തനമാരംഭിക്കുന്നതിന് സുൽത്താൻ ഹൈതമിെൻറ അനുമതി. കഴിഞ്ഞ ദിവസം സുൽത്താെൻറ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭാ കൗൺസിൽ യോഗത്തിലാണ് പദ്ധതി നടത്തിപ്പിന് അനുമതി നൽകിയത്.
ധനകാര്യ സുസ്ഥിരത, നിയമപരമായ നിക്ഷേപ സാഹചര്യങ്ങൾ വികസിപ്പിച്ചെടുക്കൽ , സർക്കാർ സേവനങ്ങളുടെ ഏകീകരണം, സാമ്പത്തിക മേഖലകളുടെ വികസനം, സുപ്രധാന പദ്ധതികളുടെ നടത്തിപ്പ്, തുടങ്ങി വിഷൻ 2040യുമായി ബന്ധപ്പെട്ട മുൻഗണനാ ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിന് എല്ലാവിധ പരിശ്രമങ്ങളും നടത്തേണ്ടതുണ്ടെന്ന് സുൽത്താൻ നിർദേശിച്ചു.
സ്വദേശികളുടെ തൊഴിൽ ലഭ്യതയെന്ന ഉയർന്ന ദേശീയ മുൻഗണനയുമായി ബന്ധപ്പെടുത്തി വേണം ഇൗ പ്രവർത്തനങ്ങൾ നടത്താൻ. അടുത്ത സാമ്പത്തിക വർഷത്തെ ജനറൽ ബജറ്റ്, 2021-2025 കാലയളവിലേക്കുള്ള പത്താം പഞ്ചവത്സര പദ്ധതി തുടങ്ങിയവയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിശദമായി പഠിച്ചുവരുകയാണെന്നും സുൽത്താൻ ഹൈതം പറഞ്ഞു.
പൊതുചെലവ് കുറച്ചും വരുമാനം വർധിപ്പിച്ചും ധനകാര്യ സുസ്ഥിരത കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. കരട് ബജറ്റിൻമേലും പഞ്ചവത്സര പദ്ധതിയിലും സ്റ്റേറ്റ് കൗൺസിലും മജ്ലിസുശൂറയും നൽകിയ നിർദേശങ്ങളും അഭിപ്രായങ്ങളും പഠന വിധേയമാക്കിയതായും സുൽത്താൻ പറഞ്ഞു.
രണ്ട് പെൻഷൻ ഫണ്ടുകൾ കൂടി രൂപവത്കരിക്കാനും സുൽത്താൻ യോഗത്തിൽ നിർദേശിച്ചു. സർക്കാർ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കായാണ് ആദ്യത്തേത്. മിലിട്ടറി, സുരക്ഷാ വിഭാഗങ്ങളിലെ ജീവനക്കാർക്കായാണ് രണ്ടാമത്തെ പെൻഷൻ ഫണ്ട്. പെൻഷൻ ലഭിക്കുന്നതിനായുള്ള കുറഞ്ഞ സേവനകാലാവധി 30 വർഷമായി ഭേദഗതി ചെയ്യുകയും ചെയ്തു.
എല്ലാ സർക്കാർ സേവനങ്ങളും ഒരു പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന ദേശീയ ഏകീകൃത ഇ-ഗവൺമെൻറ് പോർട്ടൽ സംബന്ധിച്ച നടപടികൾ വേഗത്തിലാക്കാനും സുൽത്താൻ യോഗത്തിൽ നിർദേശിച്ചു. കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തിൽ വിശകലനം ചെയ്തു. കൊവിഡ് സുപ്രീം കമ്മിറ്റിയും സാമ്പത്തിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി രൂപവത്കരിച്ച സുപ്രീം കമ്മിറ്റിയും തമ്മിൽ ലയിപ്പിക്കാനും സുൽത്താൻ നിർദേശിച്ചു.
സർക്കാർ സേവനങ്ങളെയും വികസന പദ്ധതികളെയും കുറിച്ച് ഒാരോ വിലായത്തിലെയും ശൈഖുമാർ, പ്രമുഖ വ്യക്തിത്വങ്ങൾ, പൊതുജനങ്ങൾ തുടങ്ങിയവരുമായി കൂടികാഴ്ചകൾ നടത്താൻ ഉന്നത സർക്കാർ ഉദ്യോഗസ്ഥരോടും ഗവർണർമാരോടും സുൽത്താൻ ആവശ്യപ്പെട്ടു. അതത് വിലായത്തുകളിലെ വാലിമാരും ഇൗ കൂടികാഴ്ചയിൽ സംബന്ധിക്കുകയും വേണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല