
സ്വന്തം ലേഖകൻ: ജനുവരി മുതൽ ഒമാനിൽ ജല, വൈദ്യുതി നിരക്കുകൾ ഉയരും. 2021-25 കാലയളവിലേക്കായുള്ള സാമ്പത്തിക പരിഷ്കരണ പദ്ധതിയിലെ തീരുമാന പ്രകാരമാണ് നടപടി. സബ്സിഡി സ്വദേശി സമൂഹത്തിലെ അർഹരായവർക്ക് മാത്രമായിട്ടാകും പരിമിതപ്പെടുത്തുക.
ജനുവരി മുതൽ വിദേശികളുടെ താമസ സ്ഥലങ്ങളിൽ പ്രതിമാസം അഞ്ഞൂറ് യൂനിറ്റ് (കെ.ഡബ്ല്യു.എച്ച്) വരെയാണ് വൈദ്യുതി ഉപയോഗമെങ്കിൽ യൂനിറ്റ് ഒന്നിന് 20 ബൈസ വീതവും 1500 വരെയാണെങ്കിൽ 25 ബൈസ വീതവും 1500ന് മുകളിലാണെങ്കിൽ 30 ബൈസ വീതവുമായിരിക്കും നിരക്ക്.
സ്വദേശികൾക്ക് രണ്ട് അക്കൗണ്ട് വരെ യഥാക്രമം സബ്സിഡി നിരക്കായ 15, 20, 30 ബൈസ എന്ന ക്രമത്തിലാണ് അടക്കേണ്ടത്. അതിൽ കൂടുതലാണെങ്കിൽ വിദേശികളുടെ നിരക്ക് അടക്കണം. വർഷത്തിൽ നൂറ് മെഗാവാട്ടിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹികതേര ഉപഭോക്താക്കൾ അല്ലാത്ത എല്ലാവരും അടുത്ത വർഷം മുതൽ സി.ആർ.ടി (കോസ്റ്റ് റിഫ്ലക്ടീവ് താരിഫ്) വിഭാഗത്തിലേക്ക് മാറും. വൈദ്യുതി ഉപഭോഗം കുറവുള്ള സമയങ്ങളിൽ കുറഞ്ഞ നിരക്കും കൂടിയ സമയങ്ങളിൽ ഉയർന്ന നിരക്കുമാണ് ഇവർ നൽകേണ്ടി വരുക.
വർഷത്തിൽ നൂറ് മെഗാവാട്ടിൽ താഴെ ഉപയോഗിക്കുന്ന ഗാർഹികതേര ഉപഭോക്താക്കളുടെ നിരക്ക് ഏകീകരിച്ചിട്ടുണ്ട്. ഇവർ ജനുവരി ഒന്ന് മുതൽ ഏപ്രിൽ 30 വരെ യൂനിറ്റിന് 21 ബൈസ വീതവും മെയ് ഒന്ന് മുതൽ സെപ്റ്റംബർ 30 വരെ യൂനിറ്റിന് 29 ബൈസ വീതവുമാണ് അടക്കേണ്ടത്. കാർഷിക-ഫിഷറീസ് മേഖലയിൽ 3000 യൂനിറ്റ് വരെ 12 ബൈസയും ആറായിരം വരെ 16 ബൈസയും ആറായിരത്തിന് മുകളിൽ 24 ബൈസയുമായിരിക്കും നിരക്ക്.
ഗാർഹികതേര ആവശ്യങ്ങൾക്കുള്ള ജല ഉപഭോഗത്തിന് ഗാലണിന് നാലര ബൈസ എന്ന തോതിലാണ് ജനുവരി മുതൽ അടക്കേണ്ടത്. വിദേശികളുടെ വീടുകളിലാണെങ്കിൽ ഗാലണിന് മൂന്ന് ബൈസ എന്ന തോതിലാണ് നിരക്ക്. സ്വദേശികൾക്ക് രണ്ട് അക്കൗണ്ട് വരെ കുറഞ്ഞ നിരക്കായ രണ്ടര ബൈസയാണ് നൽകേണ്ടത്. അതിൽ കൂടുതലാണെങ്കിൽ വിദേശികളുടെ നിരക്ക് അടക്കണം.
ഓരോ വർഷവും നിരക്ക് വർധനവ് ഉണ്ടാകും. വിദേശികളുടെ വീടുകളിലെ വൈദ്യുതി സബ്സിഡി 2023ഒാടെയും ജല സബ്സിഡി 2024 ഓടെയും പൂർണമായി ഒഴിവാക്കാനാണ് പദ്ധതി. സ്വദേശികളുടെ സബ്സിഡി ഒഴിവാക്കൽ 2025 ഓടെയാണ് പൂർണമായി ഒഴിവാക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല