1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 25, 2021

സ്വന്തം ലേഖകൻ: വാട്ട്സാപ്പ് സന്ദേശത്തിലൂടെ ഉപഭോക്താക്കളില്‍ നിന്ന് പണം തട്ടുന്ന സംഘം ഒമാനില്‍ സജീവമാണെന്ന മുന്നറിയിപ്പുമായി രാജ്യത്തെ ബാങ്കുകള്‍. നിരവധി പേര്‍ക്ക് വാട്ട്സാപ്പ് വഴിയുള്ള ഈ തട്ടിപ്പലൂടെ വന്‍തുകകള്‍ നഷ്ടമായതായും അധികൃതര്‍ അറിയിച്ചു. ഇത്തരം സന്ദേശങ്ങള്‍ ഒരു കാരണവശാലും വിശ്വസിക്കുകയോ അതിലൂടെ ആവശ്യപ്പെടുന്നതു പ്രകാരം അക്കൗണ്ട് വിവരങ്ങളോ വണ്‍ ടൈം പാസ് വേഡോ അഥവാ ഒടിപിയോ മറ്റുള്ളവര്‍ക്ക് കൈമാറരുതെന്നും ബാങ്കുകള്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

അടുത്തിടെയാണ് രാജ്യത്ത് വാട്ട്സാപ്പ് വഴിയുള്ള തട്ടിപ്പ് വ്യാപകമായത്. നിരവധി പേര്‍ തട്ടിപ്പിന് ഇരയായതായും പലര്‍ക്കും വലിയ തുക തന്നെ നഷ്ടമായതായും ബാങ്കുകള്‍ മുന്നറിയിപ്പു നല്‍കി. ഏതെങ്കിലും ബാങ്കിന്റെ ഔദ്യോഗിക ലോഗോ വച്ച് വാട്ട്‌സ്ആപ്പില്‍ വരുന്ന സന്ദേശത്തോടെയാണ് തട്ടിപ്പിന്റെ തുടക്കം. നിങ്ങളുടെ ബാങ്ക് അക്കൗണ്ടോ അല്ലെങ്കില്‍ എടിഎം കാര്‍ഡോ ബ്ലോക്കായിരിക്കുന്നു എന്നോ അല്ലെങ്കില്‍ ഉടന്‍ ബ്ലോക്കാവുമെന്നോ പറഞ്ഞാണ് സന്ദേശങ്ങള്‍ ആരംഭിക്കുന്നത്. നിങ്ങള്‍ അക്കൗണ്ട് ശരിയായ രീതിയില്‍ അപ്‌ഡേറ്റ് ചെയ്യാത്തതാണ് കാരണമെന്നും അതിനാല്‍ എത്രയും വേഗം താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്നുമായിരിക്കും സന്ദേശം.

അബദ്ധവശാല്‍ നല്‍കിയിട്ടുള്ള നമ്പറിലേക്ക് വിളിച്ചാല്‍ ബാങ്കിന്റെ നിയമങ്ങളും നിര്‍ദ്ദേശങ്ങളുമൊക്കെ വിശ്വസിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിച്ച ശേഷം തുടര്‍ നടപടികള്‍ക്കായി അക്കൗണ്ട് നമ്പറും അത് അപ്‌ഡേറ്റ് ചെയ്യുന്നതിന് മൊബൈലില്‍ വന്ന ഒടിപിയും നല്‍കണമെന്നുമായിരിക്കും ലഭിക്കുന്ന മറുപടി. ഇതുപ്രകാരം അക്കൗണ്ട് നമ്പറോ എടിഎം കാര്‍ഡ് നമ്പറോ നല്‍കിയാല്‍ ഉടന്‍ ഒരു ഒടിപി സന്ദേശം ലഭിക്കും. ഇതുകൂടി കൂടി ഫോണ്‍ നമ്പറിലേക്ക് കൈമാറുന്നതോടെ നമ്മുടെ അക്കൗണ്ടില്‍ നിന്ന് എളുപ്പത്തില്‍ പണം പിന്‍വലിക്കാന്‍ തട്ടിപ്പുകാരന് വഴിയൊരുങ്ങുകയാണ് ചെയ്യുന്നത്. ഈ രീതിയില്‍ ഒമാനിലെ നിരവധി പേര്‍ക്ക് തങ്ങളുടെ അക്കൗണ്ടുകളിലുണ്ടായിരുന്ന മുഴുവന്‍ പണവും നഷ്ടമായതായും ബാങ്ക് അധികൃതര്‍ അറിയിച്ചു.

ഇത്തരം സന്ദേശങ്ങളില്‍ വഞ്ചിതരാവാതെ ഉടന്‍ തന്നെ ബാങ്കുകളെ ബന്ധപ്പെടുകയാണ് ഉപഭോക്താക്കള്‍ ചെയ്യേണ്ടത്. വാട്ട്‌സ്ആപ്പില്‍ പറയുന്ന നമ്പറിലേക്ക് വിളിക്കുന്നതിന് പകരം ആ നമ്പര്‍ ഉടന്‍ ബ്ലോക്ക് ചെയ്യുകയും നമ്പര്‍ ബാങ്കിന് കൈമാറുകയും ചെയ്യണം. അധികൃതരുമായി ബന്ധപ്പെട്ട് ബാങ്ക് തട്ടിപ്പുകാര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കും. ബാങ്കുകള്‍ ഒരിക്കലും എടിഎം കാര്‍ഡ് നമ്പറോ അക്കൗണ്ട് നമ്പറോ ഒടിപിയോ കാര്‍ഡിലെ സിവിവി നമ്പറോ പിന്‍ നമ്പറോ അക്കൗണ്ട് പാസ് വേഡോ ഒരു കാരണവശാലും ഫോണ്‍ കോളിലൂടെയോ വാട്ട്സാപ്പ് സന്ദേശത്തിലൂടെയും വെബ് ലിങ്ക് വഴിയോ ആവശ്യപ്പെടില്ലെന്നും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.