1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2021

സ്വന്തം ലേഖകൻ: ഏതാനും മാസങ്ങൾക്കുള്ളിൽ യൂറോപ്പിലെ മൊത്തം കോവിഡ്​ അണുബാധകളിൽ പകുതിയിലധികവും ഒമിക്രോൺ വകഭേദം മൂലമാകുമെന്ന്​ യൂറോപ്യൻ യൂണിയന്‍റെ പബ്ലിക് ഹെൽത്ത് ഏജൻസി അറിയിച്ചു. അതേസമയം, ഈ മേഖലയിൽ ഗുരുതരമായ രോഗങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. യൂറോപ്പിൽ ഇതുവരെ ഡസൻ കണക്കിന്​ ആളുകളിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്​.

ജര്‍മനിയില്‍ കുത്തിവയ്പ് എടുക്കാത്തവര്‍ക്കുള്ള പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. വ്യാഴാഴ്ച നടന്ന കൊറോണ ഉച്ചകോടിയില്‍ ആണു തീരുമാനം. വാക്സിനേഷന്‍ എടുക്കാത്ത ആളുകളെ കടകളില്‍ നിന്നും ബാറുകളില്‍ നിന്നും വിലക്കും. നിര്‍ബന്ധിത വാക്സിനേഷനെ അനുകൂലിക്കുന്നതായി സ്ഥാനമൊഴിയുന്ന ചാന്‍സലര്‍ അംഗല മെര്‍ക്കലും നിയുക്ത ചാന്‍സലര്‍ ഒലാഫ് ഷോള്‍സും പറഞ്ഞു. ഇരുവരും പത്രസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

ഷോള്‍സും മെര്‍ക്കലും വാക്സിനേഷന്‍ എടുക്കാത്തവരോട് ജാബ് എടുക്കാന്‍ അഭ്യർഥിച്ചു. 2022 ഫെബ്രുവരി മുതല്‍ ജർമനിയില്‍ രാജ്യവ്യാപകമായി വാക്സിനേഷന്‍ നിര്‍ബന്ധമാക്കുമെന്നു ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ പറഞ്ഞു. ജര്‍മ്മനിയില്‍ 2ജി, 2 ജി പ്ളസ് നിയമം റീട്ടെയില്‍ മേഖലയ്ക്കും ബാധകമാകുമെന്നു മെര്‍ക്കല്‍ പറഞ്ഞു. വാക്സിനേഷൻ എടുക്കാത്തവർ രാജ്യത്തുടനീളമുള്ള അവശ്യേതര കടകളില്‍ പ്രവേശിക്കുന്നതു തടയും. പൊതുജീവിതത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളില്‍ നിന്നും വാക്സിനേഷന്‍ ചെയ്യാത്ത ആളുകളെ വിലക്കും.

വാക്സിനേഷന്‍ എടുത്തവക്കു മാത്രമായി കടകള്‍, റസ്റ്ററന്റുകള്‍, മ്യൂസിയങ്ങള്‍, സിനിമാ തിയേറ്ററുകൾ എന്നിവിടങ്ങളില്‍ പ്രവേശനം അനുവദിക്കുക. വാക്സിനേഷന്‍ എടുത്തവര്‍ക്കുള്ള അധിക പരിശോധനകള്‍ തുടരും. 2022ന്റെ തുടക്കത്തില്‍ നിര്‍ബന്ധിത വാക്സിനുകളെ കുറിച്ച് ബുണ്ടെസ്ററാഗ് വോട്ടിനിടും. രോഗബാധ നിരക്ക് 350~ല്‍ എത്തിയ പ്രദേശങ്ങളില്‍ നിശാക്ളബ്ബുകളും സംഗീത വേദികളും അടച്ചിടും

ബുണ്ടസ് ടാഗ് അംഗീകരിച്ചു കഴിഞ്ഞാല്‍ പുതിയ നടപടികള്‍ പ്രാബല്യത്തില്‍ വരും. ഇനിയുള്ള ദിവസങ്ങളില്‍ ഫുട്ബോള്‍ സ്റേറഡിയങ്ങളില്‍ പരമാവധി 15,000 കാണികളെ അനുവദിക്കും. ഇന്‍ഡോര്‍ സ്പോര്‍ട്സ് വേദികളില്‍ പരമാവധി 5,000 പേര്‍ പങ്കെടുക്കാം. കുത്തിവയ്പ് എടുക്കാത്തവരുടെ സ്വകാര്യ ഒത്തുചേരലുകള്‍ ഒരു വീട്ടില്‍ മാത്രമായി പരിമിതപ്പെടുത്തും. സ്കൂളുകളില്‍ മാസ്ക് നിബന്ധന മടങ്ങിവരാനും സാധ്യത ഏറെയാണ്.

ഇറ്റലിയിൽ അഞ്ചു മുതൽ 11 വയസുവരെ പ്രായക്കാരായ കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകി തുടങ്ങി. രാജ്യത്തെ മെഡിസിൻ ഏജൻസിയായ എഐഎഫ്എ (അജൻസിയ ഇറ്റാലിയാന ദെൽ ഫാർമകോ) കുട്ടികൾക്ക് വാക്സിൻ നൽകുന്നതിന് അംഗീകാരം നൽകിയതോടെയാണ് ഫൈസർ ബയോഎൻടെക് കോവിഡ് 19 വാക്സിൻ നൽകി തുടങ്ങിയത്.

ഫൈസറും ബയോഎൻടെക്കും ചേർന്ന് വികസിപ്പിച്ച വാക്സിൻ യൂറോപ്യൻ മെഡിസിൻസ് ഏജൻസി അംഗീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് കുട്ടികൾക്ക് നൽകാൻ ഇറ്റലി തീരുമാനിച്ചത്. മുതിർന്നവർക്ക് നൽകുന്ന 30 മൈക്രോഗ്രാം വാക്സിനുപകരം അഞ്ച് മുതൽ 11 വരെ പ്രായക്കാരായ കുട്ടികൾക്ക് മൂന്ന് ആഴ്ച ഇടവിട്ട് 10 മൈക്രോഗ്രാമിന്റെ രണ്ട് ഡോസ് വാക്സിനാണ് നൽകുന്നത്.

വാക്സിൻ എടുക്കുന്ന കുട്ടികളിൽ, വേദന, ക്ഷീണം, തലവേദന, കുത്തിവയ്പ്പ് നടത്തിയ സ്ഥലത്ത് ചുവപ്പുനിറവും വീക്കവും, പേശി വേദനയും വിറയലും എന്നിങ്ങനെയുള്ള പാർശ്വഫലങ്ങൾ ഉണ്ടായേക്കാമെന്നും ഇത് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഭേദമാകുമെന്നും യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ ഹ്യൂമൻ മെഡിസിൻ കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.