
സ്വന്തം ലേഖകൻ: ഒമിക്രോൺ വകഭേദം 89 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. ഡെൽറ്റ വകഭേദത്തെക്കാൾ വേഗത്തിലാണ് വ്യാപനം. സാമൂഹിക വ്യാപനം രേഖപ്പെടുത്തിയ പ്രദേശങ്ങളിൽ ഒന്നര, മൂന്നു ദിവസത്തിനകം വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയാകുന്നതായി ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ഇതോടെ യൂറോപ്യൻ രാജ്യങ്ങൾ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്കു നീങ്ങുകയാണ്. ഫ്രാൻസും ഓസ്ട്രിയയും യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കി. പാരിസിലെ വെടിക്കെട്ട് ഉൾപ്പെടെ പുതുവത്സര ആഘോഷം ഉപേക്ഷിച്ചു.
രാജ്യത്ത് 5–11 വയസ്സുകാർക്ക് അടുത്തയാഴ്ച വാക്സിൻ നൽകിത്തുടങ്ങും. നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനു പിന്നാലെ പാരിസിൽ പ്രതിഷേധവും ശക്തമായി. ഡെൻമാർക്കിൽ തിയറ്ററുകളും അമ്യൂസ്മെന്റ് പാർക്കുകളും മ്യൂസിയങ്ങളും അടച്ചു. അയർലൻഡിൽ രാത്രി 8നു ശേഷം കർഫ്യൂ നിലവിൽ വന്നു. ഭാഗിക ലോക്ഡൗൺ നിലവിലുള്ള നെതർലൻഡ്സ് സമ്പൂർണ ലോക്ഡൗണിലേക്കു നീങ്ങുന്നതായാണു സൂചന.
യുകെയിൽ പ്രതിദിന കോവിഡ് കണക്കുകളിൽ ഈയാഴ്ച റെക്കോർഡ് വർധന രേഖപ്പെടുത്തി. ലണ്ടനിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് ബാധിതരുടെ എണ്ണത്തിൽ 28.6% വർധനയാണ് രേഖപ്പെടുത്തിയത്. ക്രിസ്മസിനു ശേഷം ഹ്രസ്വകാല ലോക്ഡൗൺ സജീവ പരിഗണനയിലുണ്ട്.
മാസ്ക് നിർബന്ധമാക്കിയതിനു പുറമേ യുകെയിൽ പൊതുപരിപാടികളിൽ പങ്കെടുക്കുന്നവർക്ക് വാക്സിനേഷൻ / കോവിഡ് നെഗറ്റീവ് രേഖ നിർബന്ധമാക്കി. തൊഴിൽ ആവശ്യാർഥമല്ലാത്ത കൂടിച്ചേരലുകൾക്കു വിലക്ക് ഏർപ്പെടുത്താനും നീക്കമുണ്ട്. ബൂസ്റ്റർ ഡോസ് വേഗത്തിലാക്കിയതോടെ മുതിർന്ന പൗരൻമാരിൽ പകുതിയും ബൂസ്റ്റർ സ്വീകരിച്ചതായാണു കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല