
സ്വന്തം ലേഖകൻ: ഒമിക്രോൺ വകഭേദം പടരുന്ന സാഹചര്യത്തിൽ ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാർക്ക് ജർമ്മനി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നിലവിൽ ബ്രിട്ടനിലെ ജർമൻ പൗരൻമാർക്ക് മാത്രമാണ് രാജ്യത്തേക്ക് പ്രവേശനം. ബ്രിട്ടനിൽനിന്നെത്തിയവർക്ക് 14 ദിവസത്തെ ക്വാറൻറീൻ നിർബന്ധമാക്കി. ഇത് ഞായറാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽവന്നു.
ശനിയാഴ്ച ബ്രിട്ടനിൽ 90,418 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 10,059 പേർക്ക് ഒമിക്രോൺ വകഭേദമാണ്. ഇതോടെ, ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള, യാത്രവിലക്കുള്ള ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് ബ്രിട്ടനും ചേർന്നു. ഡെൻമാർക്, ഫ്രാൻസ്, നോർവേ, ലബനാൻ എന്നിവയെയും ജർമ്മനി അതി ജാഗ്രതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇവിടെനിന്നുള്ളവർക്കും യാത്ര നിയന്ത്രണമുണ്ട്. ജനുവരി മധ്യത്തോടെ യൂറോപ്പിൽ ഒമിക്രോൺ വ്യാപകമാവുമെന്ന് യൂറോപ്യൻ യൂനിയൻ മേധാവി ഉർസുല വോൺ ദേർ ലിയൻ മുന്നറിയിപ്പു നൽകി.
നെതർലൻഡ്സിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. ജനുവരി 14 വരെ രാജ്യത്തെ അവശ്യ സർവിസുകൾ ഒഴികെയുള്ള റസ്റ്റാറൻറുകൾ, ബാർബർ ഷോപ്പുകൾ, മ്യൂസിയം, ജിംനാസ്റ്റിക് കേന്ദ്രങ്ങൾ തുടങ്ങിയവ അടച്ചിടാൻ പ്രധാനമന്ത്രി മാർക് റുട്ടെ നിർദേശിച്ചു.
ആവശ്യമെങ്കിൽ ബ്രിട്ടനിൽ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും കോവിഡിനെ തടയുന്നതിൽ ബോറിസ് ജോൺസൺ സർക്കാർ ദുർബലമല്ലെന്നും ആരോഗ്യ മന്ത്രി സാജിദ് ജാവിദ് പറഞ്ഞു. കോവിഡ് തടയുന്നതിൽ ബോറിസ് സർക്കാർ പൂർണ പരാജയമാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. ഒമിക്രോൺ വകഭേദം പടരുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് ലണ്ടൻ മേയർ സാദിഖ് ഖാനും അഭിപ്രായപ്പെട്ടു.
ന്യൂയോർക്കിൽ ശനിയാഴ്ച 22,000 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ കമ്പനികളിലും ബിസിനസ് സ്ഥാപനങ്ങളിലും ഉൾപ്പെടെ ജോലിചെയ്യുന്നവർക്ക് വാക്സിനേഷൻ നിർബന്ധമാക്കി. ഇറാനിലും ഒമിക്രോൺ സ്ഥിരീകരിച്ചു. രാജ്യത്തെ 60 ശതമാനം ജനങ്ങളും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല