
സ്വന്തം ലേഖകൻ: കോവിഡ് വീണ്ടും വ്യാപിക്കുന്നതിനാൽ എച്ച്–1ബി ഉൾപ്പെടെയുള്ള ചില ഇനം വീസകൾക്ക് 2022 ൽ നേരിട്ടുള്ള അഭിമുഖം ഒഴിവാക്കി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഉത്തരവിറക്കി. വിദഗ്ധർക്കുള്ള എച്ച്–1ബി വീസ, പരിശീലനത്തിനും പ്രത്യേക പഠനത്തിനുമുള്ള എച്ച്–3 വീസ, കമ്പനി മാറ്റത്തിനുള്ള എൽ വീസ, സവിശേഷ കഴിവുകളും നേട്ടങ്ങളുമുള്ള വ്യക്തികൾക്കുള്ള ഒ വീസ, കായികതാരങ്ങൾക്കും കലാകാരന്മാർക്കുമുള്ള പി വീസ, രാജ്യാന്തര സാംസ്കാരിക വിനിമയ പരിപാടിയിൽ പങ്കെടുക്കുന്നവർക്കുള്ള ക്യു വീസ എന്നിവയിലാണ് നേരിട്ടുള്ള അഭിമുഖം ഒഴിവാക്കിയത്.
താൽക്കാലിക തൊഴിലാളികൾക്കുള്ള എച്ച്–2 വീസ, വിദ്യാർഥികൾക്കുള്ള എഫ്, എം വീസ, വിദ്യാർഥി വിനിമയ പരിപാടികൾക്കുള്ള അക്കാദമിക് ജെ വീസ എന്നിവയ്ക്കും ഇതു ബാധകമാണ്.
മാതൃരാജ്യത്തെ കോൺസുലേറ്റുകളിൽ അപേക്ഷിക്കുന്നവർക്കേ ഈ ആനുകൂല്യം ലഭിക്കൂ. എന്നാൽ, കോൺസുലേറ്റുകളിലെ ഉദ്യോഗസ്ഥർക്ക് പ്രത്യേക സാഹചര്യത്തിൽ നേരിട്ടുള്ള അഭിമുഖം ആവശ്യപ്പെടാനും അനുമതിയുണ്ട്. 2022 ൽ വീസ പുതുക്കുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും. യുഎസിൽ കോവിഡ് രോഗികളുടെ എണ്ണം അതിവേഗം വർധിച്ചുവരികയാണ്. രോഗികളിൽ 73 ശതമാനവും പുതിയ വകഭേദമായ ഒമിക്രോൺ ബാധിതരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല