1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2021

സ്വന്തം ലേഖകൻ: കർണാടകയിൽ കൊറോണയുടെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച ഡോക്ടർക്ക് യാത്രാ പശ്ചാത്തലം ഇല്ലാത്തത് ആശങ്കയുയർത്തുന്നു. രോഗം സ്ഥിരീകരിച്ചവരിൽ 46 കാരനായ ഡോക്ടറാണ് വിദേശയാത്രകൾ നടത്താത്തത്. അതുകൊണ്ടുതന്നെ ബൊമ്മനഹള്ളി സ്വദേശിയായ ഡോക്ടർക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നറിയാതെ കുഴങ്ങുകയാണ് ആരോഗ്യപ്രവർത്തകർ.

രണ്ട് പേർക്കാണ് നിലവിൽ രാജ്യത്ത് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്. ഇരുവരും കർണാടകയിൽ ഉള്ളവരാണ്. ഡോക്ടർക്ക് പുറമേ 66 കാരനാണ് രോഗം കണ്ടെത്തിയത്. ഇയാൾ ദക്ഷിണാഫ്രിക്കയിൽ നിന്നും അടുത്തിടെയാണ് ഇന്ത്യയിൽ എത്തിയത്. അതുകൊണ്ടുതന്നെ 66 കാരന്റെ രോഗത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ അധികൃതരുടെ പക്കലുണ്ട്.

ഡോക്ടറുമായി സമ്പർക്കം പുലർത്തിയ അഞ്ച് പേർക്ക് ഇതിനോടകം തന്നെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർക്കും ഒമിക്രോൺ ആണെന്നാണ് സംശയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഉറവിടം കണ്ടെത്താൻ കഴിയാത്തത് കുടുത്ത ആശങ്കയ്‌ക്ക് കാരണം ആകുന്നത്. ഉറവിടവുമായി ആളുകൾ ബന്ധപ്പെടുന്നത് ഒമിക്രോൺ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണമാകും. നിലവിൽ കൊറോണ സ്ഥിരീകരിച്ച അഞ്ച് പേരുടെയും സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിനായി അയച്ചിട്ടുണ്ട്. ഇതിൽ ഒരാൾ രോഗം ബാധിച്ച ഡോക്ടറുടെ സെക്കന്ററി കോണ്ടാക്ടിലുള്ള വ്യക്തിയാണ്.

നിലവിൽ പ്രൈമറി കോണ്ടാക്ടിലുള്ള 13 പേരെ മാത്രമാണ് അധികൃതർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളത്. ഇവരുമായി സമ്പർക്കം പുലർത്തിയ 205 പേരെയും കണ്ടെത്തിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച രണ്ട് പേരിൽ ഡോക്ടറുടെ ഭാര്യയും മകളും ഉൾപ്പെടുന്നു. അതേസമയം അദ്ദേഹത്തിന്റെ ആറുവയസ്സുള്ള മകന്റെ കൊറോണ പരിശോധനാ ഫലം നെഗറ്റീവ് ആണ്. അദ്ദേഹം ചികിത്സിച്ച ആറ് രോഗികളുടെ കൊറോണ ഫലവും നെഗറ്റീവ് ആണ്.

46 കാരനായ ഡോക്ടർ ഇരു ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. കർണാടകയിലെ പ്രശസ്തമായ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. നിലവിൽ ഡോക്ടർ ജോലി ചെയ്യുന്ന ആശുപത്രിയെ ക്ലസ്റ്റർ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്.

നവംബർ 22 നാണ് ബന്നെർഗട്ട റോഡിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ 46 കാരന് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ ലക്ഷണങ്ങളെ തുടർന്നാണ് പരിശോധന നടത്തിയത്. തുടർന്ന് ഇയാളുടെ സ്രവം ജനിതക ശ്രേണീകരണത്തിനായി അയച്ചിരുന്നു.കഴിഞ്ഞ ദിവസം ലഭിച്ച ഫലത്തിലാണ് ഒമിക്രോൺ വകഭേദമാണെന്ന് കണ്ടെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.