1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2021

സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയതിനെ തുടർന്ന് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രക്കാർക്ക് ഒട്ടേറെ രാജ്യങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയത് സഞ്ചാരികളെ വിഷമത്തിലാക്കി. ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ബ്രിട്ടൻ വ്യാഴാഴ്ച തന്നെ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾക്കു വിലക്കേർപ്പെടുത്തിയിരുന്നു. പല രാജ്യങ്ങളും പിന്നാലെ വിലക്കുമായെത്തി.

ഒമിക്രോൺ കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നുള്ളവരെ കർശനമായി നിരീക്ഷിക്കാൻ ഇന്ത്യ എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി. ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഹോങ്കോങ് എന്നീ രാജ്യങ്ങളുമായി പ്രത്യേക യാത്രാ വിമാന സംവിധാനം ഇന്ത്യയ്ക്കില്ലാത്തതിനാൽ ഇവിടങ്ങളിലേക്കുള്ള യാത്രക്കാർ ഏറെ വിഷമിക്കും. ഇന്ത്യയിൽ നിന്നുള്ള ആയിരക്കണക്കിനാളുകൾ ഈ രാജ്യങ്ങളിലുണ്ട്. നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കുമെന്ന ഭീതിയിൽ എത്രയും വേഗം ദക്ഷിണാഫ്രിക്ക വിടാനുള്ളവരുടെ തിരക്കാണ് വിമാനത്താവളങ്ങളിലെല്ലാം. കാര്യങ്ങൾ വേണ്ടവിധം മനസ്സിലാക്കാതെയാണു വിലക്കെന്ന് ദക്ഷിണാഫ്രിക്കയുടെ ആരോഗ്യമന്ത്രി ജോയ് ഫാല പറഞ്ഞു.

അതിനിടെ ഒമിക്രോൺ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വിദേശികൾക്ക് സമ്പൂർണ വിലക്കേർപ്പെടുത്തി ഇസ്രയേൽ. കൊറോണ കാബിനറ്റാണ് തീരുമാനം പ്രഖ്യാപിച്ചത്. വിദേശത്തു നിന്ന് തിരിച്ചെത്തുന്ന വാക്‌സിനെടുത്ത ഇസ്രയേൽ പൗരന്മാർക്ക് മൂന്നു ദിവസത്തെ ക്വാറന്റൈനും നിർബന്ധമാക്കി. 72 മണിക്കൂറിന് ശേഷം ഇവർ കോവിഡ് പരിശോധനയ്ക്ക് വിധേയമാകണം.

നിലവിൽ മലാവിയിൽ നിന്ന് തിരിച്ചെത്തിയ ഒരാൾക്കു മാത്രമാണ് ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തുള്ള ഏഴു പേരെ ഇസ്രായേൽ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ നാലു പേർ വിദേശത്തു നിന്നെത്തിയവരാണ്. കോവിഡ് രോഗികളുടെ നിരീക്ഷണ ചുമതല സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിന് നൽകാനും മന്ത്രിസഭ തീരുമാനിച്ചു.

ഇസ്രയേലിനും ദക്ഷിണാഫ്രിക്കയ്ക്കും പുറമേ, ബോട്‌സ്വാന, ഹോങ്കോങ്, ബൽജിയം, ജർമനി, ഇംഗ്ലണ്ട്, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യമാണ് ഉള്ളതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വകഭേദത്തിന്റെ വ്യാപന ശേഷി എത്രയാണ് എന്നറിയാൻ ആഴ്ചകളുടെ പഠനം വേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.