1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2021

സ്വന്തം ലേഖകൻ: സൗദിയില്‍ പുതിയ കൊറോണവൈറസിന്റെ വകഭേദമായ ഒമിക്രോണിന്റെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ രാജ്യത്തെ ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍. എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ഒരു സൗദി പൗരന് മാത്രമാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. വടക്കേ ആഫ്രിക്കയില്‍ നിന്ന് സൗദിയിലെത്തിയ സ്വദേശി പൗരനാണ് രോഗബാധ സ്ഥിരീകരിച്ചത്. സൗദി ആരോഗ്യ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്.

രോഗബാധിതനായ വ്യക്തിയും അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെയും ക്വാറന്റൈനിലാക്കി. രോഗം വ്യാപിക്കാതിരിക്കാനുള്ള എല്ലാ ആരോഗ്യ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രാലയം അറിയിച്ചു. അതേസമയം, സൗദിയിലെ ഒരു പരിപാടികളിലും മാറ്റം വരുത്തിയിട്ടില്ല. വിമാന സര്‍വീസുകളും സാധാരണ പോലെ തുടരും.

വിദേശ യാത്ര കഴിഞ്ഞെത്തുന്നവര്‍ ക്വാറന്റൈന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഇനി സൗദി തുടക്കം കുറിക്കാന്‍ ആണ് സാധ്യത. കോവിഡ് വാക്‌സിന്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത എല്ലാവരും മനസ്സിലാക്കണം. മന്ത്രാലയം നല്‍ക്കുന്ന നിര്‍ദേശങ്ങള്‍ ശക്തമായി പാലിക്കണം. സൗദിയിലെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പുതിയ വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ ആണ് സൗദി പരിശോധ കര്‍ശനമാക്കിയത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രകളും കഴിഞ്ഞ ദിവസം സൗദി വിലക്കിയിരുന്നു.

ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധത്തിന് രാജ്യം സജ്ജമാണെന്ന് സൗദി ആരോഗ്യമന്ത്രി ഫഹദ് അല്‍ ജലാജില്‍ അറിയിച്ചു. ‘കാര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്, സുരക്ഷാ മാര്‍ഗങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കണണെമെങ്കില്‍ 14 ദിവസം മറ്റേതെങ്കിലും രാജ്യത്ത് നില്‍ക്കണമെന്ന്’ അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഭയപെടേണ്ട സാഹചര്യം ഇല്ലെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീണ്ടും രാജ്യം ലോക്ക്ഡൗണിലേക്ക് മടങ്ങില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ ആലിയും വ്യക്തമാക്കി.

സൗദിയില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ യുഎഇയിലും ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു അറബ് രാജ്യം വഴി രാജ്യത്തെത്തിയ ആഫ്രിക്കന്‍ സ്ത്രീയിലാണ് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി പ്രൊട്ടക്ഷന്‍ വിഭാഗം അറിയിച്ചു. ആഫ്രിക്കന്‍ സ്ത്രീയെ ഐസൊലേറ്റ് ചെയ്തതായും അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ആളുകളെ കണ്ടെത്തി ക്വാറന്റൈന്‍ ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി.

രോഗബാധിതയായ സ്ത്രീ എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടില്ലെങ്കിലും അവരെ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. യുഎഇയുടെ ആരോഗ്യ പ്രോട്ടോക്കോള്‍ അനുസരിച്ച് പൂര്‍ണമായും വാക്‌സിന്‍ എടുത്ത ശേഷമാണ് അവര്‍ രാജ്യത്തെത്തിയത്. അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികളും മന്ത്രാലയം സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.