
സ്വന്തം ലേഖകൻ: കോവിഡ് വൈറസ് വ്യാപനം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ സൗദിക്കുപുറത്തേക്കുള്ള യാത്രകള്‍ കഴിവതും ഒഴിവാക്കണമെന്ന് സൗദി പബ്ലിക് ഹെല്‍ത് അതോറിറ്റിയായ വിഖായ നിര്‍ദ്ദേശിച്ചു. കോവിഡ് വ്യാപനം രൂക്ഷമായുള്ള രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നത് എല്ലാവരും ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് വിഖായ നിര്‍ദ്ദേശിച്ചു.
സൗദിയില്‍ അടുത്ത ദിവസങ്ങളില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. അതോടൊപ്പം കോവിഡ് വകഭേദമായ ഒമിക്രോണ്‍ പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് വിഖായ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഒമിക്രോണ്‍ വ്യാപനം പലരാജ്യങ്ങളിലും ത്വരിതഗതിയിലാണ്. ഇതു കാരണം പ്രതിരോധ നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഏതാനും സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ താല്ക്കാലികാടിസ്ഥാനത്തില് റദ്ദാക്കാന്‍ ചില രാജ്യങ്ങളെ നിര്‍ബന്ധിതമാക്കി തുടങ്ങിയതായും മുന്നറിയിപ്പുണ്ട്.
വിദേശത്തുനിന്നും സൗദിയിലെത്തുന്ന സൗദികളും പ്രവാസികളും പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരായാലും അല്ലാത്തവരായാലും നിര്‍ബന്ധമായും അഞ്ച് ദിവസം സാമൂഹിക സമ്പര്‍ക്കം ഒഴിവാക്കണം. രോഗലക്ഷണമുണ്ടെന്ന് സംശയമുണ്ടെങ്കില്‍ താമസിയാതെ കോവിഡ്-19 പരിശോധനക്ക് വിധേയരാവണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
യാത്രികര്‍ കോവിഡ് പ്രതിരോധ നടപടികള്‍ തുടരണം. നിര്‍ബന്ധമായും മാസ്ക് ധരിക്കണം. ആള്‍ക്കൂട്ടം ഒഴിവാക്കണം. തിരക്കേറിയ പൊതു സ്ഥലങ്ങളില്‍നിന്നും മാറി നില്‍ക്കണം, സ്ഥിരമായി കൈകഴുകണം. ഹസ്തദാനവും ഒഴിവാക്കണം. രണ്ട് ഡോസ് വാക്സിന് കുത്തിവെപ്പ് പൂല്ത്തിയാക്കണം, ബുസ്റ്റര്ഡോസും എടുത്തിരിക്കണമെന്നും വിഖായ നിര്‍ദ്ദേശിച്ചു. ശനിയാഴ്ച സൗദിയിലെ 116 പേരിലാണ് കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. 96 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 34 പേരാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല