
സ്വന്തം ലേഖകൻ: ഒമിക്രോണ്‍ വകഭേദത്തിന്റെ വലിയ വ്യാപന സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്കിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. ഡിസംബര്‍ അവസാനമാകുമ്പോഴേക്കും 18 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും ബൂസ്റ്റര്‍ ഡോസ് വാക്സിന് നല്‍കാനുള്ള ലക്ഷ്യവും അദ്ദേഹം പ്രഖ്യാപിച്ചു.
‘ആര്‍ക്കും ഒരു സംശയവും ഉണ്ടാകരുത്. ഒമിക്രോണിന്റെ വേലിയേറ്റം വരുന്നു’ ബോറിസ് ജോണ്സണ് പറഞ്ഞു. രോഗബാധിതര്‍ ദ്രുതഗതിയില്‍ ഉയരുന്നത് കാരണം രാജ്യത്തെ ആരോഗ്യ ഉപദേഷ്ടാക്കാള്‍ മുന്നറിയിപ്പ് ലെവല്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
കഴിഞ്ഞ ക്രിസ്മസ് കാലത്ത് ബോറിസ് ജോണ്‍സണും ജീവനക്കാരും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് വിവാദത്തിലകപ്പെട്ടിരുന്നു. ഇത്തവണ കരുതലോടെയാണ് അദ്ദേഹത്തിന്റെ നീക്കം. ഒന്നോ രണ്ടോ ദിവസം കൂടുമ്പോള്‍ ഒമിക്രോണ്‍ കേസുകളുടെ എണ്ണം ഇരട്ടിയാകുന്നതിനാല്‍ ഭേദത്തിന്റെ അടിയന്തരാവസ്ഥയെന്നാണ് ജോണ്സണ് വിശേഷിപ്പിച്ചിരിക്കുന്നത്.
ഞായറാഴ്ച 1239 പുതിയ ഒമിക്രോണ്‍ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ അഞ്ച് തലങ്ങളുള്ള യുകെയിലെ കോവിഡ് അലേര്‍ട്ട് മൂന്നില്‍ നിന്ന് നാലായി ഉയര്‍ത്തിയിരുന്നു. യുകെയില്‍ ഇതുവരെ 3137 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ചവരെ 1898 കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഞായറാഴ്ച 65 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
ജൂണ്‍ മുതല്‍ ബ്രിട്ടണ് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി തുടങ്ങിയിരുന്നു. മുന്നറിയിപ്പ് ലെവല്‍ മൂന്നായി നിലനില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് ഒമിക്രോണ്‍ ഭീഷണിവരുന്നത്. ഉയര്‍ന്ന വ്യാപന ശേഷി സൂചിപ്പിക്കുന്ന ലെവല്‍ നാല് മുന്നറിയിപ്പാണ് ഇപ്പോള്‍ രാജ്യത്തുള്ളത്.
ഒമിക്രോൺ വകഭേദത്തെ പ്രതിരോധിക്കാൻ യുകെയിൽ 30 വയസ്സ് കഴിഞ്ഞവർക്ക് ഇന്നു മുതൽ ബൂസ്റ്റർ ഡോസ് നൽകും. 30നും 39 വയസ്സിനുമിടെ 75 ലക്ഷം ആളുകളാണ് യു.കെയിലുള്ളത്. ഇതിൽ 35 ലക്ഷത്തിനാണ് ആദ്യഘട്ടത്തിൽ ബൂസ്റ്റർ ഡോസ് നൽകുക. ഇംഗ്ലണ്ടിലാണ് ബൂസ്റ്റർ ഡോസിന് തുടക്കം കുറിക്കുക. യു.കെയിൽ ഒമിക്രോൺ വകഭേദം ബാധിച്ചവരിൽ ആരും മരിച്ചതായി റിപ്പോർട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല