
സ്വന്തം ലേഖകൻ: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥികളെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കുന്ന തരത്തില്‍ ചിത്രീകരിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ നിര്‍ദ്ദേശം നല്‍കി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. പ്രചരണ ചിത്രങ്ങളും സ്വകാര്യ ചിത്രങ്ങളും എഡിറ്റ് ചെയ്തും അശ്ശീല പദങ്ങള്‍ ഉപയോഗിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇത്തരം പരാതികളില്‍ സ്വീകരിക്കുന്ന നടപടികള്‍ ഉടന്‍തന്നെ പൊലീസ് ആസ്ഥാനത്തെ ഇലക്ഷന്‍ സെല്ലില്‍ അറിയിക്കണമെന്നും ജില്ലാ പൊലീസ് മേധാവികളോട് ഡി.ജി.പി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രചാരണത്തിന്റെ തുടക്കം മുതൽ വോട്ടെടുപ്പു ദിനംവരെയുള്ള ഒാൺലൈൻ സന്ദേശങ്ങളും ക്യാംപെയിനുകളും പരിശോധിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ സെക്ടറൽ ഒാഫിസർമാരെ നിയമിച്ചു. സമൂഹമാധ്യമങ്ങളുടെ ഉപയോഗം സംബന്ധിച്ച സുപ്രീംകോടതി നിർദേശങ്ങൾ കൂടി അടിസ്ഥാനമാക്കിയാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
ഒാൺലൈൻ പ്രചാരണത്തിന്റെ മാനദണ്ഡം, നിയമസാധുത എന്നിവ പരിശോധിച്ച് ഈ ഒാഫിസർമാർ കമ്മിഷനു റിപ്പോർട്ടു നൽകും. പ്രധാനമായും റവന്യൂ വകുപ്പിലെ ഒാഫിസർമാരാണ് സെക്ടറൽ ഒാഫിസർമാർ. നിയമപരമല്ലാത്ത പ്രചാരണങ്ങളെക്കറിച്ച് ആദ്യം പൊലീസിനെ വിവരമറിയിക്കണമെന്നാണ് ഇവർക്ക് കമ്മിഷൻ നിർദേശം. ഡിസംബര്‍ 8, 10, 14 എന്നീ തീയ്യതികളിലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഫലപ്രഖ്യാപനം ഡിസംബര്‍ 16നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല