1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2022

സ്വന്തം ലേഖകൻ: ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളിൽനിന്നും സൈറ്റുകളില്‍നിന്നും വാങ്ങുന്ന സാധനങ്ങള്‍ക്ക്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയാണ് പണമടയ്ക്കുന്നതെങ്കില്‍ കാര്‍ഡിന്റെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തണം. ഇവ ഭാവിയിൽ ഇടപാടുകള്‍ നടത്തുമ്പോള്‍ സമയം ലാഭിക്കാനാണെന്നു പറഞ്ഞ് അവിടെ സേവ് ചെയ്യും. ഈ ഡേറ്റ ഇന്റര്‍നെറ്റിലെ തട്ടിപ്പുകാരുടെ കയ്യിലെത്തിയേക്കാം. അത്തരം തട്ടിപ്പു സാധ്യത ഒഴിവാക്കി ഓണ്‍ലൈന്‍ പണമിടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനാണ് ആര്‍ബിഐ ടോക്കണൈസേഷന്‍ എന്ന പുതിയ സംവിധാനം കൊണ്ടുവരുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിലുള്ള മാറ്റമാണ് ഇത്. കാര്‍ഡ് വിവരങ്ങള്‍ നല്‍കി ഇപ്പോള്‍ നടത്തുന്ന ഓണ്‍ലൈന്‍ ഇടപാടുകളെക്കാള്‍ സുരക്ഷിതമാണ്
ടോക്കണൈസേഷന്‍ എന്ന് ആര്‍ബിഐ വിലയിരുത്തുന്നു.

ശരിയായ കാര്‍ഡ് വിവരങ്ങള്‍ക്കു പകരം മറ്റൊരു കോഡ് നൽകുന്ന രീതിയാണ് ടോക്കണൈസേഷന്‍. ഈ കോഡിനെ ടോക്കണ്‍ എന്നു വിളിക്കുന്നു. ഓരോ കാര്‍ഡും ടോക്കണ്‍ റിക്വസ്റ്ററെയും ഉപകരണത്തെയും പരിഗണിച്ചായിരിക്കും സവിശേഷ നമ്പര്‍ നല്‍കുക. (ടോക്കണ്‍ നല്‍കാന്‍, കാര്‍ഡ് നെറ്റ്‌വര്‍ക്കിലേക്ക് അയയ്ക്കാനായി ഏത് സിസ്റ്റമാണോ കസ്റ്റമറില്‍നിന്ന് ടോക്കണൈസേഷന്‍ അഭ്യര്‍ഥന സ്വീകരിക്കുന്നത്, ഇതിനെയാണ് ടോക്കണ്‍ റിക്വസ്റ്റര്‍ എന്നു വിളിക്കുന്നത്). നിലവിലുള്ള 16 അക്ക കാര്‍ഡ് നമ്പറിനു പകരം മറ്റൊരു നമ്പര്‍ ആയിരിക്കും ലഭിക്കുക. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ഓണ്‍ലൈന്‍ വ്യാപാരിക്കും ലഭിക്കില്ല.

കാര്‍ഡിനെക്കുറിച്ചുള്ള ശരിയായ വിവരങ്ങളും ടോക്കണെക്കുറിച്ചുള്ള വിവരങ്ങളും മറ്റ് പ്രസക്തമായ വിവരങ്ങളും അംഗീകരിക്കപ്പെട്ട കാര്‍ഡ് നെറ്റ്‌വര്‍ക്കുകളില്‍ സെക്യുവര്‍ മോഡില്‍ സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ആര്‍ബിഐ പറയുന്നു. ടോക്കണ്‍ റിക്വസ്റ്റര്‍ക്കും പാൻ നമ്പറോ കാര്‍ഡ് നമ്പറോ മറ്റെന്തെങ്കിലും കാര്‍ഡ് വിശദാംശങ്ങളോ സേവ് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കില്ല. ടോക്കണ്‍ റിക്വസ്റ്ററുകള്‍ക്ക്, രാജ്യാന്തര തലത്തില്‍ അംഗീകാരമുള്ള സുരക്ഷയുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും കാര്‍ഡ് നെറ്റ്‌വര്‍ക്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശത്തില്‍ പറയുന്നു.

ശരിയായ കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടിവരുന്നില്ല എന്നതിനാല്‍ അത് ഉപയോക്താക്കള്‍ക്ക് അധിക സുരക്ഷ നല്‍കും. ഒരു ഇടപാട് നടത്തുമ്പോള്‍ കാര്‍ഡ് നമ്പറുകള്‍ക്ക് പകരം ടോക്കണുകളായിരിക്കും ഓണ്‍ലൈന്‍ വ്യപാരികള്‍ക്കും മറ്റും നല്‍കുക. ഒരോ കാര്‍ഡിനും ടോക്കണ്‍ റിക്വസ്റ്റര്‍ക്കും കച്ചവട സ്ഥാപനത്തിനും ലഭിക്കുക വ്യത്യസ്ത ടോക്കണുകള്‍ ആയിരിക്കും എന്നതാണ് ഇതിന്റെ പ്രധാന ഗുണം. കാര്‍ഡ് ടോക്കണൈസേഷന് പ്രത്യേകം പണം നല്‍കേണ്ടതില്ല. ഓണ്‍ലൈന്‍ സ്ഥാപനം കാര്‍ഡ് ടോക്കണൈസ് ചെയ്തു കഴിഞ്ഞാല്‍ കസ്റ്റമര്‍ക്ക് തന്റെ കാര്‍ഡിന്റെ അവസാന നാലക്കം മാത്രമായിരിക്കും കാണാനാകുക.

ജൂലൈ 1 മുതല്‍ വന്നേക്കാവുന്ന പ്രശ്‌നങ്ങള്‍ മുന്നില്‍കണ്ട് തങ്ങളുടെ ഭാഗത്തുനിന്നു വരുത്തേണ്ട ക്രമീകരണങ്ങള്‍ അതിവേഗം കൊണ്ടുവരാനുള്ള നെട്ടോട്ടത്തിലാണ് ബാങ്കുകളും ഇലക്ട്രോണിക് പണക്കൈമാറ്റം നടത്തുന്ന സ്ഥാപനങ്ങളും എന്നു പറയുന്നു. ഇപ്പോള്‍ ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ സ്റ്റോർ ചെയ്തു വച്ചിരിക്കുന്ന കാര്‍ഡ് വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ആര്‍ബിഐ പറഞ്ഞിരിക്കുന്ന അവസാന തിയതി ജൂണ്‍ 30 ആണ്. അതിനു ശേഷം ടോക്കണൈസേഷന്‍ സംവിധാനം ഉള്‍പ്പെടുത്താനുള്ള കഠിന ശ്രമത്തിലാണ് കമ്പനികള്‍.

അതേസമയം, ഈ തീയതി ആറു മാസത്തേക്ക് നീട്ടാനുള്ള ശ്രമവുമുണ്ട്. എന്നാല്‍, ഇതു നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ആര്‍ബിഐ പറയുന്നു. ഇതുവരെ 16 കോടി ടോക്കണുകള്‍ നല്‍കിക്കഴിഞ്ഞെന്നും ബാങ്ക് പറയുന്നു. എല്ലാ കാര്‍ഡ് നെറ്റ്‌വര്‍ക്കുകളും പ്രയോജനപ്പെടുത്തി ടോക്കണൈസേഷന്‍ നടത്താം. എന്നാല്‍ പുതിയ സംവിധാനം സുഗമമായി പ്രവര്‍ത്തിക്കുമോ എന്ന പേടിയിലാണ് പല ഓണ്‍ലൈന്‍ വ്യാപാരികളും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.