1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2022

സ്വന്തം ലേഖകൻ: തൊണ്ണൂറ്റിനാലാമത് ഓസ്കറിൽ പ്രധാന പുരസ്കാരങ്ങൾ വാരിക്കൂട്ടി ഷാൻ ഹേഡെർ സംവിധാനം ചെയ്ത ‘കോഡ’. മികച്ച ചിത്രവും മികച്ച സഹനടനുള്ള പുരസ്കാരവും മികച്ച അവലംബിത തിരക്കഥക്കുള്ള പുരസ്കാരവും ​കോഡ സ്വന്തമാക്കി. കോഡയിലെ പ്രകടനത്തിലൂടെ ട്രോയ് കോട്സറാണ് മികച്ച സഹനടനുള്ള പുരസ്കാരം നേടിയത്. ഓസ്കർ പുരസ്കാരം സ്വന്തമാക്കുന്ന രണ്ടാമത്തെ ബധിരനായ അഭിനേതാവ് കൂടിയാണ് ട്രോയ്.

മാർലി മാറ്റ്‌ലിനാണ് ആദ്യത്തെ ബധിര ഓസ്കാർ ജേതാവ്. തന്‍റെ പുരസ്കാരം ബധിര സമൂഹത്തിന് സമര്‍പ്പിക്കുന്നതായും ഇത് ഞങ്ങളുടെ നിമിഷമാണെന്നും പുരസ്കാരം ഏറ്റുവാങ്ങി ട്രോയ് പറഞ്ഞു. എന്റെ നേട്ടങ്ങള്‍ കേള്‍വിശേഷിയില്ലാത്തവര്‍ക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മികച്ച നടനുള്ള ഓസ്കർ ഹോളിവുഡ് സൂപ്പർതാരമായ വിൽ സ്മിത്തിനാണ്. കിങ് റിച്ചാർഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്. ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി റെയ്നാൾഡോ മാർകസ് ഗ്രീൻ സംവിധാനം ചെയ്ത കിങ് റിച്ചാർഡ് ചിത്രത്തിൽ റിച്ചാർഡ് വില്യംസ് എന്ന കഥാപാത്രത്തെയായിരുന്നു വിൽ സ്മിത്ത് അവതരിപ്പിച്ചത്.

ജെസിക്ക ചസ്റ്റെയ്ൻ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ദ ഐസ് ഓഫ് ടാമി ഫെയ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജെസിക്ക പുരസ്കാരം നേടിയത്. നേരത്തെ താരം മൂന്ന് തവണ ഓസ്കർ നോമിനേഷനും നേടിയിരുന്നു. ദ പവർ ഓഫ് ഡോഗ് സംവിധാനം ചെയ്ത ജേൻ കാംപിയനാണ് മികച്ച സംവിധായികയായി തിരഞ്ഞെടുക്കപ്പെട്ടത്. വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിന് മികച്ച സഹ നടിക്കുള്ള ഓസ്‍കര്‍ അരിയാനോ ഡിബോസിന് ലഭിച്ചു.

ലോസാഞ്ചലസിലെ ഡോൾബി തിയറ്ററിലാണ് പുരസ്കാര ചടങ്ങ് നടന്നത്. പവര്‍ ഓഫ് ദ ഡോഗ്, ഡ്യൂണ്‍ എന്നിവയായിരുന്നു ഏറ്റവും അധികം നാമനിര്‍ദേശങ്ങളുമായി മുന്നിട്ട് നിന്നത്.

അമേരിക്കൻ സിയൻസ് ഫിക്ഷന്‍ ചിത്രമായ ഡ്യൂണ്‍ ആറ് പുരസ്കാരങ്ങളാണ് ഇതുവരെ നേടിയത്. മികച്ച സംഗീതം (ഒറിജിനല്‍) – ഹാൻസ് സിമ്മർ, മികച്ച സൗണ്ട് (മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീന്‍, ഡഗ് ഹെംഫില്‍, റോണ്‍ ബാര്‍ട്‌ലെറ്റ്), മികച്ച ചിത്രസംയോജനം(ജോ വാക്കര്‍), മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച ഛായാഗ്രഹണം(ഗ്രേയ്ഗ് ഫ്രാസര്‍) , മികച്ച വിഷ്വല്‍ എഫക്ട് (പോള്‍ ലാംബെര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോണര്‍, ജേര്‍ഡ് നെഫ്‌സര്‍) എന്നീ ഓസ്‍കറുകളാണ് ഡ്യൂണിന് ലഭിച്ചത്.

ദ ഐസ് ഓഫ് ടാമി ഫേയ് മേക്കപ്പ് ആൻഡ് ഹെയർസ്റ്റിലൈങിന് ഓസ്കർ സ്വന്തമാക്കി. മികച്ച ഒറിജിനൽ തിരക്കഥ: കെന്നെത്ത് ബ്രാണാ (ചിത്രം: ബെൽഫാസ്റ്റ്), മികച്ച അവലംബിത തിരക്കഥ: ഷോൺ ഹേഡെർ (ചിത്രം: കോഡ), മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം: ജാപ്പനീസ് ചിത്രമായ ഡ്രൈവ് മൈ കാർ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.