1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2022

സ്വന്തം ലേഖകൻ: ഓസ്‌കര്‍ വേദിയില്‍ ക്രിസ് റോക്കിനെ തല്ലിയ സംഭവത്തിന് ശേഷം പരിപാടിയില്‍ നിന്ന് പുറത്ത് പോകാന്‍ വില്‍ സ്മിത്തിനോട് ആവശ്യപ്പെട്ടതായി അക്കാദമി. വില്‍ സ്മിത്തിനെതിരേയുള്ള നടപടികള്‍ ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് അക്കാദമിയുടെ വെളിപ്പെടുത്തല്‍.

സംഭവത്തിന് ശേഷം വില്‍ സ്മിത്തിനോട് പുറത്തുപോകാന്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം അനുസരിച്ചില്ല. അദ്ദേഹത്തിന് ആ സാഹചര്യം മറ്റൊരു രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നു- അക്കാദമി പറയുന്നു.

“കായികമായി നേരിട്ടതും ഭീഷണിപ്പെടുത്തിയതും ചടങ്ങിനെ കളങ്കപ്പെടുത്തി. അക്കാദമിയുടെ മര്യാദകളും ചട്ടങ്ങളും ലംഘിച്ചതിനാല്‍ വില്‍ സ്മിത്തിനെതിരേ കടുത്ത നടപടിയുണ്ടാകും. വില്‍ സ്മിത്തിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 18 ന് ചേരുന്ന യോഗത്തില്‍ വില്‍ സ്മിത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കും,“ അക്കാദമി പറഞ്ഞു.

അക്കാദമിയുടെ ചട്ടമനുസരിച്ച് താക്കീതില്‍ ഒതുക്കുകയോ താല്‍ക്കാലികമായോ സ്ഥിരമായോ പുറത്താക്കുകയും ചെയ്യാം. സ്മിത്തിന്റെ ഭാര്യ ജെയ്ഡ സ്മിത്ത് വര്‍ഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്. നടിയും അവതാരകയും സാമൂഹ്യപ്രവര്‍ത്തകയുമാണ് ജെയ്ഡ സ്മിത്ത്. മികച്ച ഡോക്യുമെന്ററിയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ പറഞ്ഞു.

1997 ലെ ജി. ഐ ജെയിന്‍ എന്ന ചിത്രത്തില്‍ ഡെമി മൂര്‍ തലമൊട്ടയടിച്ചാണ് അഭിനയിച്ചത്. ജി.ഐ ജെയിന്‍ 2 ല്‍ ജെയ്ഡയെ കാണാമെന്ന് ക്രിസ് റോക്ക് പറഞ്ഞു. എന്നാല്‍ റോക്കിന്റെ തമാശ വില്‍ സ്മിത്തിന് രസിച്ചില്ല. അദ്ദേഹം വേദിയിലേക്ക് കയറിവന്ന് റോക്കിന്റെ മുഖത്ത് ശക്തിയായി അടിച്ചു. പിന്നീട് ‘എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുതെ’ന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു. അനിഷ്ട സംഭവത്തില്‍ വില്‍ സ്മിത്ത് അക്കാദമിയോടും ക്രിസ് റോക്കിനോടും വില്ല്യം റിച്ചാര്‍ഡിന്റെ കുടുംബത്തോടും മാപ്പ് പറഞ്ഞു.

കിങ് റിച്ചാര്‍ഡ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള നാമനിര്‍ദ്ദേശവുമായാണ് വില്‍ സ്മിത്ത് ഓസ്‌കറില്‍ ഇത്തവണയെത്തിയത്. അദ്ദേഹം പുരസ്‌കാരം നേടുകയും ചെയ്തു. ടെന്നീസ് താരവും പരിശീലകനും സെറീന വില്ല്യംസിന്റെയും വീനസ് വില്ല്യസിന്റ പിതാവുമായ വില്ല്യം റിച്ചാര്‍ഡിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് കിങ് റിച്ചാര്‍ഡ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.