1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2020

സ്വന്തം ലേഖകൻ: കൊവിഡ് വാക്‌സിന്റെ ദശലക്ഷക്കണക്കിന് ഡോസുകള്‍ക്കായി യുഎസ് ഏകദേശം 2 ബില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ചു. ഡിസംബറില്‍ പുറത്തിറക്കാന്‍ ലക്ഷ്യമിടുന്ന കൊറോണ വൈറസ് വാക്‌സിന്‍ 600 ദശലക്ഷം ഡോസുകള്‍ വരെ നിര്‍മ്മിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ഫൈസറുമായും മറ്റൊരു ചെറിയ ജര്‍മ്മന്‍ ബയോടെക്‌നോളജി കമ്പനിയുമായും ഏകദേശം 2 ബില്യണ്‍ ഡോളറിന്റെ കരാറുകളാണ് ട്രം‌പ് ഒപ്പുവച്ചത്.

കൊറോണ വൈറസ് വാക്‌സിനുകള്‍ വിപണിയിലെത്തിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമമായ ‘ഓപ്പറേഷന്‍ വാര്‍പ്പ് സ്പീഡിന്’ ഇതുവരെയുള്ള ഏറ്റവും വലിയ ധനസഹായമാണ് ഈ കരാറുകൾ. ഇത് പ്രകാരം, ഫെഡറല്‍ സര്‍ക്കാര്‍ ആദ്യത്തെ 100 ദശലക്ഷം ഡോസുകള്‍ക്കായി 1.95 ബില്യണ്‍ ഡോളര്‍ മുടക്കും. അതായത്, ഏകദേശം 20 ഡോളറിന് ഒരു ഡോസ് ലഭിക്കും. അമേരിക്കക്കാര്‍ക്ക് വാക്‌സിന്‍ സൗജന്യമായി ലഭിക്കും.

ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിഞ്ഞാല്‍, ഡിസംബറോടെ ആദ്യത്തെ 100 ദശലക്ഷം ഡോസുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് കമ്പനികള്‍ പറയുന്നു.

“ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ വിജയത്തെ ആശ്രയിച്ചാണെങ്കിലും ഇന്നത്തെ കരാര്‍ ഏകദേശം 100 ദശലക്ഷം ഡോസ് വാക്‌സിനുകള്‍ വികസിപ്പിച്ചെടുക്കാന്‍ ഫിസറിനെയും ബയോ ടെക്കിനെയും സഹായിക്കും,” ആരോഗ്യ സെക്രട്ടറി അലക്‌സ് എം. അസര്‍ പറഞ്ഞു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്ന ബ്രിട്ടീഷ് കമ്പനി ഫൈസറും അസ്ട്രാസെനെക്കയും തിങ്കളാഴ്ച ഇതു സംബന്ധിച്ച ഡാറ്റ പുറത്തുവിട്ടു. അവരുടെ വാക്‌സിനുകള്‍ക്ക് ചെറിയ പാര്‍ശ്വഫലങ്ങള്‍ മാത്രമുള്ള ശക്തമായ രോഗപ്രതിരോധ ശേഷിയുണ്ടാക്കാന്‍ കഴിയുമെന്നാണ് അവകാശവാദം.

വാക്‌സിന്‍ ഈ വര്‍ഷം അവസാനം തന്നെ പുറത്തിറക്കുമെന്ന് ചൈന

ഈ വര്‍ഷം അവസാനത്തോടെ കൊവിഡ് വാക്‌സിന്‍ പുറത്തിറക്കാന്‍ സാധിക്കുമെന്ന് ചൈന. നേരത്തെ 2021 ഓടെ മാത്രം പുറത്തിറക്കാമെന്ന് പ്രതീക്ഷിച്ചിരുന്ന വാക്‌സിനാണ് ഈ വര്‍ഷത്തോടെ തന്നെ ഉപയോഗിക്കാമെന്ന പ്രഖ്യാപനവുമായി ചൈന രംഗത്തൈത്തിയിരിക്കുന്നത്.

ചൈനീസ് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പായ സിനോഫാമാണ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. മനുഷ്യശരീരത്തില്‍ വാക്‌സിന്‍ പരീക്ഷിക്കുന്നതിന്റെ അവസാനഘട്ടം മൂന്നുമാസം കൊണ്ട് തീര്‍ന്നേക്കുമെന്നാണ് സിനോഫാം ചെയര്‍മാന്‍ ലിയു ജിഗ്ഷനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചൈന നാഷണല്‍ ബയോടെക്ക് ഗ്രൂപ്പിന്റെ സിനോഫാം യൂണിറ്റാണ് രണ്ട് കൊവിഡ് വാക്‌സിനുകള്‍ വികസിപ്പിക്കുന്നതില്‍ പരീക്ഷണം നടത്തുന്നത്. ചൈനയില്‍ വീണ്ടും കൊവിഡ് വ്യാപനം വന്നതിന് പിന്നാലെ 2021 വരെയെങ്കിലും വാക്‌സിന്‍ പരീക്ഷണം നടത്താനാവില്ലെന്ന് സിനോഫാം അറിയിച്ചിരുന്നു.

എന്നാല്‍ വാക്‌സിന്‍ പരീക്ഷണത്തിലെ ചില തടസങ്ങളെ നേരിട്ടു കഴിഞ്ഞെന്നാണ് സിനോഫാം അറിയിക്കുന്നത്. ഏപ്രിലില്‍ ആഭ്യന്തരമായി നടത്തിയ ഒന്ന്, രണ്ട് ഘട്ട പരീക്ഷണഫലങ്ങള്‍ പോസിറ്റീവ് ആണെന്നും ഗുരുതരമായ പാര്‍ശ്വഫലങ്ങളില്ലെന്നും ലിയു പറഞ്ഞു. അന്താരാഷ്ട്ര തലത്തിലുള്ള മൂന്നാം ഘട്ടം അവസാനതലത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2021ന് മുൻപ് കൊവിഡ് വാക്സിൻ പ്രതീക്ഷിക്കരുത്: WHO

നിലവിൽ വാക്‌സിൻ പരീക്ഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെങ്കിലും 2021ന് മുമ്പ് കൊവിഡ് വാക്‌സിൻ ഉപയോ​ഗിക്കാനാവുമെന്ന് പ്രതീക്ഷിക്കരുതെന്ന് ലോകാരോഗ്യ സംഘടന. നിർണായക ഘട്ടത്തിലാണ് പരീക്ഷണമെന്നും ഡബ്ലിയു.എച്ച്.ഒ അറിയിച്ചു.

വിവേചനമില്ലാതെ തുല്യമായി വാക്‌സിൻ ലഭ്യമാക്കാനാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യമെന്ന് ലോകാരോഗ്യ സംഘടനാ എമർജൻസി പ്രോഗ്രാം തലവൻ മൈക്ക് റയാൻ പറഞ്ഞു. മിക്ക വാക്‌സിനുകളും പരീക്ഷണത്തിന്‍റെ മൂന്നാം ഘട്ടത്തിലാണെന്നും ഇതുവരെ ഒരു ഘട്ടത്തിലും പരാജയപ്പെട്ടിട്ടില്ലെന്നും മൈക്ക് റയാൻ പറഞ്ഞു.

അതേസമയം കൊവിഡ് വ്യാപനം തടയുക എന്നതിനാണ് മുഖ്യ പരി​ഗണന നൽകേണ്ടത്. ആ​ഗോളതലത്തിൽ പ്രതിദിന വ്യാപനം റെക്കോർഡ് തലത്തിലാണെന്നും മൈക്ക് റയാൻ ഓർമിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.