
സ്വന്തം ലേഖകൻ: ഓക്സ്ഫഡ് സാധ്യതാ വാക്സീൻ പരീക്ഷണം നിർത്തിവയ്ക്കാൻ ഇടയാക്കിയത് ഇതു സ്വീകരിച്ചവരിലൊരാൾക്ക് ‘ട്രാൻവേഴ്സ് മൈലൈറ്റീസ്’ കണ്ടെത്തിയതിനെ തുടർന്നെന്നു വിവരം. വാക്സീൻ ഉൽപാദകരായ അസ്ട്രാസെനക ഇന്ത്യയിലെ പങ്കാളിയായ പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ടിനു നൽകിയ വിവരങ്ങളിലാണ് ഈ സൂചന. വാക്സീൻ സ്വീകരിച്ചതുകൊണ്ടാണോ രോഗാവസ്ഥ എന്നതാണ് ഇനി വ്യക്തമാകേണ്ടത്.
സുഷുമ്ന നാഡിയിലെ തന്തുക്കളെ സംരക്ഷിക്കുന്ന ആവരണമായ മൈലിനുണ്ടാകുന്ന വീക്കമാണ് ട്രാൻവേഴ്സ് മൈലൈറ്റീസ്. 3 കാരണങ്ങളാൽ ഇതു സംഭവിക്കാം. 1. വാക്സീൻ സ്വീകരിച്ചതു വഴി ശരീരത്തിലെ പ്രതിരോധ ശേഷിയിലുണ്ടായ മാറ്റം. 2. നിർജീവമായിരുന്ന വൈറസുകളേതെങ്കിലും സജീവമായത്. 3. രോഗപ്രതിരോധ സംവിധാനം സ്വന്തം ശരീരത്തെ തന്നെ ആക്രമിക്കുന്ന ഓട്ടോ ഇമ്യൂൺ.
ഓക്സ്ഫഡ് വാക്സീൻ പരീക്ഷണം നിർത്തുന്നത് ഇതാദ്യമല്ല. ഏപ്രിലിൽ ആദ്യ ഘട്ട പരീക്ഷണ സമയത്തും വൊളന്റിയർമാരിലൊരാൾക്കു വിപരീത ഫലമുണ്ടായി പരീക്ഷണം നിർത്തിയിരുന്നു. സാധ്യതാ വാക്സീന്റെ സുരക്ഷിതത്വവും പരീക്ഷണവിവരങ്ങളും ബ്രിട്ടനിലെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ട്സ് റഗുലേറ്ററി ഏജൻസി വീണ്ടും പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം.
കൊവിഡ് വാക്‌സിന്റെ ഇന്ത്യയിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍ത്തിവെച്ചു. ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.)യുടെ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നത് വരെ വാക്‌സിന്‍ പരീക്ഷണങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഇന്ത്യയിലെ 17 നഗരങ്ങളിലാണ് കൊവിഡ് വാക്‌സിനായുള്ള ക്ലിനിക്കല്‍ ട്രയല്‍ നടത്തി വന്നിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല