
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വെള്ളിയാഴ്ച കോവിഡ്-19 വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്ക ദൂരീകരിക്കുന്നതിനും കൂടിയാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. ആസ്ട്രസെനകയുടെ വാക്‌സിനാണ് അദ്ദേഹം സ്വീകരിച്ചത്. ഒരു കൊല്ലം മുമ്പ് ബോറിസ് ജോണ്‍സന് കോവിഡ് ബാധിച്ചിരുന്നു.
കുത്തിവെയ്‌പെടുക്കുമ്പോള്‍ തനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെന്നും നല്ല അനുഭവമാണെന്നും വേഗത്തില്‍ എടുത്തു കഴിഞ്ഞതായും ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിന് സമീപത്തുള്ള സെന്റ് തോമസ് ആശുപത്രിയിലെത്തിയാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. വാക്‌സിനെടുക്കാനുള്ള അറിയിപ്പ് ലഭിച്ചു കഴിഞ്ഞാല്‍ വാക്‌സിന്‍ സ്വീകരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
‘നിങ്ങള്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച സംഗതിയാണിത്, നിങ്ങളുടെ കുടുംബത്തിനും മറ്റുള്ളവര്‍ക്കും അത് ഏറ്റവും ഗുണകരമാണ്. കോവിഡാണ് മുന്നിലുള്ള ഭീഷണി, വാക്‌സിനെടുക്കുക എന്നതാണ് നിങ്ങള്‍ ചെയ്യേണ്ടത്’. യൂറോപ്പിലെ ശാസ്ത്രജ്ഞര്‍ ആസ്ട്രസെനക വാക്‌സിന് വീണ്ടും പച്ചക്കൊടി കാട്ടിയത് ചൂണ്ടിക്കാട്ടി ബോറിസ് ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.
മൂന്ന് ദിവസം തീവ്രപരിചരണവിഭാഗത്തിലുള്‍പ്പെടെ ഒരാഴ്ചയാണ് കഴിഞ്ഞ കൊല്ലം മാര്‍ച്ച് അവസാനം കോവിഡ് ബാധിതനായി ബോറിസ് ജോണ്‍സണ്‍ സെന്റ് തോമസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്. സ്വയം ചെറുത്തു നിന്നില്ലായിരുന്നുവെങ്കില്‍ ഫലം മറ്റൊന്നാവുമായിരുന്നുവെന്ന് രോഗമുക്തനായ ശേഷം അദ്ദേഹം പ്രതികരിച്ചിരുന്നു. തന്റെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാര്‍ക്കും അദ്ദേഹം പ്രത്യേക നന്ദിയും അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല