1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2021

സ്വന്തം ലേഖകൻ: ആയുര്‍വേദത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച മഹാവൈദ്യനും കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി.കെ വാരിയര്‍ (100) അന്തരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് വസതിയായ കൈലാസ മന്ദിരത്തില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. ജൂണ്‍ എട്ടിനായിരുന്നു അദ്ദേഹം നൂറാം പിറന്നാള്‍ ആഘോഷിച്ചത്‌.

1999 ല്‍ പത്മശ്രീയും 2011 ല്‍ പത്മഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ആയുര്‍വേദം ഒരു ചികിത്സാരീതി മാത്രമല്ല. അതില്‍ ജീവിതത്തിന്റെ പ്രകാശമുണ്ടെന്ന് വിശ്വസിച്ച കര്‍മനിരതനായ വ്യക്തിയായിരുന്നു അദ്ദേഹം. വൈദ്യത്തിന് മാനവികതയുടെ മുഖം നല്‍കുകയും കേരളത്തിന്റെ ചികിത്സാപെരുമ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുകയും ചെയ്തു പി.കെ വാരിയര്‍ എന്ന വിശ്വപൗരന്‍.

മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ എന്ന ഗ്രാമത്തില്‍ ഒരു ഇടത്തരം കുടുംബത്തില്‍ 1921 ജൂണ്‍ 5 നാണ് പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാരിയര്‍ ജനിക്കുന്നത്. ശ്രീധരന്‍ നമ്പൂതിരിയുടെയും പന്ന്യംപള്ളി കുഞ്ഞിവാരസ്യാരുടെയും മകനായിട്ടായിരുന്നു ജനനം.. കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ ആണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

വൈദ്യപഠനം പൂര്‍ത്തിയാക്കിയത് വൈദ്യരത്‌നം പി.എസ് വാരിയര്‍ ആയുര്‍വേദ കോളേജിലായിരുന്നു. ആര്യ വൈദ്യപാഠശാലയായാണ് ഈ സ്ഥാപനം അറിയപ്പെട്ടത്. 1942 ല്‍ അദ്ദേഹം സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനാകുകയും അതിന്റെ ഭാഗമമാകുകയും ചെയ്തു. അദ്ദേഹത്തിന്റെ ആത്മകഥയായ ‘സ്മൃതിപര്‍വം’ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മാനിച്ച് വൈദ്യരത്‌നം എന്ന സ്ഥാനം നല്‍കി ആദരിച്ചു.

1947ൽ ‘അടുക്കള’ എന്നു പേരുള്ള ആര്യവൈദ്യശാലാ ഫാക്ടറിയുടെ മാനേജരായാണ് പി.കെ.വാരിയർ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. ഡിഎ ഉൾപ്പെടെ 112.50 രൂപയായിരുന്നു മാസ ശമ്പളം. മാനേജിങ് ട്രസ്റ്റിയായിരുന്ന ജ്യേഷ്ഠൻ പി.എം.വാരിയർ വിമാന അപകടത്തിൽ മരിച്ചതിനെത്തുടർന്ന് 1953ൽ‌ പി.കെ.വാരിയർക്ക് ആര്യവൈദ്യശാലയുടെ സാരഥ്യം ഏറ്റെടുക്കേണ്ടി വന്നു.

ആര്യവൈദ്യശാലയില്‍ ഇന്നത്തെ രീതിയിലുള്ള പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് മാധവ വാരിയര്‍ ആയിരുന്നു. അര ദശാബ്ദക്കാലത്തിലേറെയായി ആര്യവൈദ്യശാലയുടെ നെടുംതൂണാണ് ഡോ.പി.കെ വാരിയര്‍. ലോകോത്തര നിലവാരത്തിലേക്ക് ഈ സ്ഥാപനത്തെ ഉയര്‍ത്തിയ അദ്ദേഹം കഴിവുറ്റ ഭരണ സാരഥിയും അമ്മാവനെപ്പോലെ തന്നെ നിപുണനായ വൈദ്യനുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.