1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 5, 2019

സ്വന്തം ലേഖകൻ: ‘ഒറ്റക്കുട്ടി’ പദ്ധതിയും പെൺഭ്രൂണഹത്യയും കാരണം സ്ത്രീകളെക്കാൾ 3.4 കോടി അധികം പുരുഷന്മാരുണ്ട് ചൈനയിൽ. ഇവർക്ക് വധുവാക്കാൻ പാക്കിസ്ഥാനിൽ നിന്നു പെൺകുട്ടികളെ കടത്തുന്നതായി റിപ്പോർട്ട്. 629 പാക്ക് യുവതികളെ ചൈനയിലേക്കു കടത്തിയതായി രാജ്യാന്തര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്(എപി) റിപ്പോർട്ട് ചെയ്തു.

പാക്കിസ്ഥാനിലെ മനുഷ്യക്കടത്ത് ശൃംഖലയെ തകർക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ വിഭാഗവുമായി ചേർന്ന് എപി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. 2018 മുതൽ നടന്ന മനുഷ്യക്കടത്തിൽ ഉൾപ്പെട്ടിട്ടുള്ള വനിതകളുടെ വിവരങ്ങൾ എപി പുറത്തിറക്കിയ പട്ടികയിലുണ്ട്.

പാക്കിസ്ഥാനു പുറമേ കംബോഡിയ, മ്യാൻമർ, ഇന്തൊനീഷ്യ, നേപ്പാൾ, ഉത്തര കൊറിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും ക്രൂരമായ പെൺകടത്ത് കച്ചവടത്തിന്റെ സ്രോതസ്സ് ആണെന്നാണു വിവരം. 40 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് മനുഷ്യക്കടത്ത് മാഫിയ ചൈനീസ് വരന്റെ കയ്യിൽ നിന്നു കൈപ്പറ്റുന്നതെങ്കിലും 2 ലക്ഷം വരെ മാത്രമാണ് പെൺകുട്ടിയുടെ വീട്ടുകാർക്ക് നൽകുന്നത്.

ചൈനയുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന സമ്മർദത്തെത്തുടുർന്ന് പാക്കിസ്ഥാനിൽ മനുഷ്യക്കടത്ത് മാഫിയക്കെതിരെ നടന്നുവന്ന അന്വേഷണം ജൂണോടെ അവസാനിച്ചിരുന്നു. വിവിധ വകുപ്പ് അധികാരികളിൽ നിന്നും സർക്കാരിൽ നിന്നും സമ്മർദമുണ്ടായിരുന്നതായും ഇവർ സമ്മതിക്കുന്നു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികളാണു മനുഷ്യക്കടത്തുകാരുടെ മുഖ്യ ഇരകൾ. ചൈനയിലെ പുരുഷന്മാർക്കു വിവാഹം ചെയ്തു നൽകാനെന്ന പേരിൽ മാതാപിതാക്കൾക്ക് പണം നൽകി കൊണ്ടുപോകുന്ന മിക്ക പെൺകുട്ടികളുടെ അവസ്ഥ ദയനീയമാണ്. പെൺകുട്ടികളിൽ മിക്കവരും ചൈനയിൽ ഉപേക്ഷിക്കപ്പെടുകയോ വേശ്യാവൃത്തിക്ക് വിധേയരാവുകയോ ചെയ്യുന്നു. എങ്ങനെയൊക്കെയോ തടവിൽ നിന്നു മോചിതരായി തിരികെ വന്നവരിൽ നിന്നാണു ക്രൂരതയുടെ വിവരങ്ങൾ പുറംലോകമറിയുന്നത്.

പാക്കിസ്ഥാനിലെ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെയാണ് മനുഷ്യക്കടത്തു മാഫിയ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നതെന്നാണ് എപിയുടെ റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്ത് ഏറ്റവും ദാരിദ്ര്യമനുഭവിക്കുന്ന വിഭാഗമെന്ന നിലയിലാണ് ഇവർ മനുഷ്യക്കടത്തുകാരുടെ ഇരകളാക്കപ്പെടുന്നത്. പാക്കിസ്ഥാൻ ബ്രോക്കർമാരെ കൂടാതെ ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെടുന്ന മന്ത്രിമാരും മനുഷ്യക്കടത്തുകാർക്ക് ഇടനിലക്കാരായി പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.