
സ്വന്തം ലേഖകൻ: തോഷഖാന കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാനുള്ള ഇസ്ലാമാബാദ് പോലീസിന്റെ നീക്കം പാളിയതിന് പിന്നാലെ വസതിയില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഐ.എസ്.ഐ. തലവനേയും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫിനേയും പോലുള്ളവര്‍ക്ക് തന്നെ അവരുടെ വഴിയില്‍നിന്ന് ഇല്ലാതാക്കണമായിരുന്നു.
അതിനായി അവര്‍ തന്നെ വധിക്കാന്‍ ശ്രമിച്ചുവെന്ന് ഇമ്രാന്‍ ആരോപിച്ചു. ജീവന്‍ ഭീഷണിയിലാണെന്ന് പറഞ്ഞ ഇമ്രാന്‍, അനാവശ്യമായ കേസുകളില്‍ കോടതികളിലേക്ക് വിളിപ്പിക്കുന്നുവെന്ന് കാണിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയക്കുമെന്നും വ്യക്തമാക്കി. വസതിയായ സമാന്‍ പാര്‍ക്ക് റെസിഡന്‍സിയില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘തോഷഖാന കേസില്‍ പൊതുവിചാരണ വേണം. ഐ.എസ്.ഐ. തലവന്‍ ഒരു മനോരോഗിയാണ്. പാക് സൈന്യം കള്ളന്മാരെ രാജ്യത്തിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നു. സ്വതന്ത്രരാഷ്ട്രത്തിന് മാത്രമേ പുരോഗതിയുണ്ടാവുകയുള്ളൂ. സര്‍ക്കാരിനെ നയിക്കുന്നവര്‍ അവരുടെ സമ്പാദ്യം വിദേശത്തേക്ക് കടത്തി.’ ഇന്ന് രാജ്യത്ത് അധികാരത്തിലിരിക്കുന്നവരാണ് വസിറാബാദില്‍ തനിക്കെതിരായി നടന്ന വധശ്രമത്തിന് പിന്നിലുള്ളതെന്ന ആരോപണവും ഇമ്രാന്‍ ആവര്‍ത്തിച്ചു.
‘ഇന്ത്യയിലെ ചാനലുകള്‍ കണ്ടാല്‍ എന്തുകൊണ്ടാണ് പാകിസ്താന്‍ ലോകം മുഴുവന്‍ വിമര്‍ശിക്കപ്പെടുന്നത് എന്ന് മനസ്സിലാകും. ഒരു നേതാവ് കാരണമാണ് രാജ്യം അപകീര്‍ത്തിപ്പെടുന്നത്. അഴിമതിക്ക് പിടിയിലാവാനിരുന്ന അയാള്‍ പ്രധാനമന്ത്രിയായി. രാജ്യത്തെ നയിക്കുന്നവര്‍ ക്രിമിനലുകളായാല്‍ രാജ്യത്തിന് എന്താണ് സംഭവിക്കുക? തെറ്റുകള്‍ക്കെതിരെ പ്രതികരിക്കാന്‍ കഴിയാത്ത രാജ്യം അടിമകളായി തീരും. പാകിസ്താന്‍ പിച്ചയെടുക്കുകയാണ്.’- ഇമ്രാന്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ഹാജരാകുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് സെഷന്‍സ് കോടതി ഇമ്രാന്‍ ഖാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്ലാമാബാദ് പോലീസ് ഇമ്രാന്റെ വസതിയിലെത്തിയത്. ലാഹോര്‍ പോലീസിന്റെ സഹായത്തോടെയാണ് നടപടികളെന്ന് ഇസ്ലാമാബാദ് പോലീസ് അറിയിച്ചിരുന്നു. പഞ്ചാബ് പോലീസും സ്ഥലത്തുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇമ്രാന്റെ വസതിയില്‍ പോലീസ് എത്തിയതിന് പിന്നാലെ, അറസ്റ്റ് തടയുകയെന്ന ലക്ഷ്യത്തോടെ മുഴുവന്‍ പ്രവര്‍ത്തകരോടും എത്തിച്ചേരാന്‍ പാകിസ്താന്‍ തെഹ്‌രിക് ഇ ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ.) ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രവര്‍ത്തകര്‍ തടിച്ചുകൂടി. കോടതി നിര്‍ദ്ദേശം നടപ്പാക്കുന്നത് തടയാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടികളുണ്ടാവുമെന്ന് ഇസ്ലാമാബാദ് പോലീസ് അറിയിച്ചു.
ഇതിന് പിന്നാലെ ഇമ്രാന്റെ മുറിയിലെത്തിയ എസ്.പിക്ക് അദ്ദേഹത്തെ കണ്ടെത്താന്‍ സാധിച്ചില്ലെന്നും പോലീസ് പറഞ്ഞു. ഇതിനിടെയിലാണ് ഇമ്രാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. അതേസമയം, ഇമ്രാന്‍ വസതിയില്‍ ഇല്ലെന്ന് തെറ്റിദ്ധരിപ്പിച്ച പി.ടി.ഐ. നേതാവ് ശിബിലി ഫറാസിനെതിരെ നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല