1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2022

സ്വന്തം ലേഖകൻ: സ്വന്തം രാജ്യമായ പാക്കിസ്ഥാൻ വിട്ട് ഇന്ത്യയിലേയ്ക്കെത്തിയതിന്റെ കാരണം വിശദീകരിച്ച് ഗായകൻ അദ്നാൻ സമി. പാക്കിസ്ഥാനിലെ ആളുകളോട് തനിക്ക് എന്നും സ്നേഹം മാത്രമേ ഉള്ളുവെന്നും എന്നാൽ അവിടുത്തെ അധികാരികളുമായുണ്ടായ ഭിന്നതയെ തുടർന്നാണ് രാജ്യം വിട്ടതെന്നും ഗായകൻ സമൂഹമാധ്യമ കുറിപ്പിൽ പറയുന്നു. അവർ തന്നോടു ചെയ്തത് എന്തൊക്കെയാണെന്ന് ഒരിക്കല്‍ താൻ വെളിപ്പെടുത്തുമെന്നും അത് പൊതുജനത്തെ അമ്പരപ്പിക്കുമെന്നും ഗായകൻ കുറിച്ചു.

“എനിക്ക് എന്തുകൊണ്ടാണ് പാക്കിസ്ഥാനോട് ഇത്രയും വെറുപ്പ് എന്ന് പലരും എന്നോടു ചോദിക്കുന്നു. എനിക്ക് പാക്കിസ്ഥാനിലെ ആളുകളോട് യാതൊരു വെറുപ്പും അവജ്ഞയും ഇല്ലെന്നതാണു സത്യം. അവരെല്ലാവരും എന്നോടു നല്ല രീതിയിൽ മാത്രമേ പെരുമാറിയിട്ടുള്ളു. എന്നെ സ്നേഹിച്ച എല്ലാവരെയും ഞാൻ തിരിച്ചും സ്നേഹിക്കുന്നു. പാക്കിസ്ഥാനിലെ നിയമങ്ങളോടും ചില സ്ഥാപന അധികാരികളോടുമാണ് എനിക്ക് വിയോജിപ്പ് ഉണ്ടായിരുന്നത്. അവരുമായി കലഹങ്ങളും ഉണ്ടായി. അതൊക്കെയാണ് പാക്കിസ്ഥാനിൽ നിന്നു വിട്ടുപോരാൻ എന്നെ നിർബന്ധിതനാക്കിയത്. അവർ എന്നോട് എങ്ങനെയൊക്കയാണു പെരുമാറിയതെന്ന് ഒരു ദിവസം ഞാൻ തന്നെ നിങ്ങളോടു വിശദീകരിക്കും. അത് അധികമാരും അറിഞ്ഞില്ലെങ്കിലും സത്യം കേട്ട് പൊതുജനം ഞെട്ടുമെന്ന് എനിക്കുറപ്പാണ്. വർഷങ്ങളായി ഇക്കാര്യത്തെക്കുറിച്ചു ഞാൻ മൗനം പാലിക്കുകയായിരുന്നു. ഇനി അത് പറ്റില്ല. എല്ലാം തുറന്നു പറയാൻ ശരിയായ സമയം ഞാൻ കണ്ടെത്തും. അന്ന് സത്യം നിങ്ങൾ അറിയും,“ അദ്നാൻ സമി കുറിച്ചു.

അദ്നാൻ സമിയുടെ പോസ്റ്റ് ഇതിനകം സമൂഹമാധ്യമലോകത്തു ചർച്ചയായിരിക്കുകയാണ്. 2016 മുതൽ സമി ഇന്ത്യൻ പൗരനാണ്. പാക്ക് നാവികസേനാ ഉദ്യോഗസ്ഥന്റെ മകനായി ലണ്ടനിൽ ജനിച്ച സമി, 2015 ലാണ് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷ നൽകിയത്. തൊട്ടടുത്ത വർഷം ജനുവരിയിൽ പൗരത്വം ലഭിച്ചു. സമിക്ക് ഇന്ത്യൻ പൗരത്വം നൽകിയതിനോടുള്ള വിയോജിപ്പുകൾ പലപ്പോഴും ട്രോളുകളും വിമർശനങ്ങളുമായി പ്രത്യക്ഷപ്പെടാറുണ്ട്. മുൻപ് പല തവണ സമി സമൂഹമാധ്യമ ലോകത്തു ചർച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്. കഴിഞ്ഞവര്‍ഷം രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.