1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2017

സ്വന്തം ലേഖകന്‍: പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും വന്‍ മഞ്ഞുവീഴ്ച, മരണം നൂറു കവിഞ്ഞു. അഫ്ഗാനിസ്ഥാന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത ഹിമപാതത്തില്‍ മരിച്ചവരുടെ എണ്ണം മാത്രം നൂറു കവിഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കു കിഴക്കന്‍ അഫ്ഗാന്‍ പ്രവിശ്യകളിലും മധ്യ മേഖലയിലുമാണ് മഞ്ഞുവീഴ്ച ശക്തമായി അനുഭവപ്പെടുന്നത്. മൂന്ന് ദിവസമായി തുടരുന്ന മഞ്ഞു വീഴ്ചയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. റോഡുകള്‍ മഞ്ഞില്‍ പുതഞ്ഞ നിലയിലാണ്. നൂറിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ മഞ്ഞുവീഴ്ച ഒരു ഗ്രാമത്തെത്തന്നെ തുടച്ചു നീക്കി. ഇവിടെ മാത്രം 50 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആയിരക്കണക്കിന് ആളുകളെ കാണാതായിട്ടുണ്ട്. വളര്‍ത്തു മൃഗങ്ങളും മഞ്ഞുപാളികള്‍ക്കിടയില്‍പ്പെട്ട് ചത്തൊടുങ്ങുകയാണ്. പാക്കിസ്ഥാനിലും സ്ഥിതി സമാനമാണെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക് അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ചിത്രാലില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും സ്ത്രീകളും കുഞ്ഞുങ്ങളുമുള്‍പ്പെടെ അനേകം പേരെ കാണാതാവുകയും ചെയ്തു. നിരവധി വീടുകളും കെട്ടിടങ്ങളും മഞ്ഞുവീഴ്ചയില്‍ തകര്‍ന്നു. പലതും ഇപ്പോഴും മഞ്ഞിനടിയിലാണ്. സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ ദുരന്തമായിട്ടാണു ഇതിനെ വിശേഷിപ്പിക്കുന്നത്. വടക്കന്‍ പാകിസ്ഥാനില്‍ ഹിമപാതത്തില്‍പ്പെട്ട് 13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് നൂറിസ്ഥാനിലെ രണ്ട് ഗ്രാമങ്ങള്‍ പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. 1000 ഹെക്ടറിലെ കൃഷിയും നശിച്ചു. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാണെങ്കിലും മോശം കാലാവസ്ഥയും റോഡ് നിറയെ മഞ്ഞ് വീണിരിക്കുന്നതിനാലും രക്ഷാ പ്രവര്‍ത്തനം ദുസഹമായിരിക്കുകയാണ്. അതേസമയം ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്. കാബൂള്‍കാണ്ഡഹാര്‍ ഹൈവേയില്‍ മഞ്ഞ് വീഴ്ചയെ തുടര്‍ന്നു കുരുക്കില്‍പ്പെട്ട 250 ഓളം വാഹന യാത്രക്കാരെ പൊലീസും പട്ടാളവും രക്ഷപ്പെടുത്തി. റണ്‍വേയില്‍ മഞ്ഞ് വീണതിനാല്‍ കാബൂളിലുള്ള അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ ഞായറാഴ്ച രാജ്യത്തു പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ കൂടി മഞ്ഞുവീഴ്ച തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.