1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2021

സ്വന്തം ലേഖകൻ: പാകിസ്ഥാനിലെ അഫ്ഗാനിസ്ഥാൻ അംബാസഡറുടെ മകളെ ഒരു സംഘമാളുകൾ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ചതായി റിപ്പോർട്ട്. അംബാസഡറായ നജീബ് അലിഖിലിൻ്റെ മകൾ സിൽസില അലിഖിലിനെയാണ് അജ്ഞാതർ തട്ടിക്കൊണ്ട് പോയി മണിക്കൂറുകളോളം തടവിൽ പാർപ്പിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അലിഖിലിനെ തട്ടിക്കൊണ്ട് പോയത്. തടവിൽ നിന്ന് മോചിപ്പിക്കപ്പെട്ട ഇവരെ ആശുപതിയിൽ പ്രവേശിപ്പിച്ചു. മകളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സകൾ ലഭ്യമാക്കിയെന്നും പിതാവ് നജീബ് അലിഖില്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇസ്ലാമാബാദിൽ നിന്നാണ് മകളെ കടത്തിക്കൊണ്ട് പോയതെന്ന് അദ്ദേഹം പറഞ്ഞു.

“മകളെ ഇസ്ലാമാബാദിൽ നിന്ന് തട്ടിക്കൊണ്ട് പോയി മർദ്ദിക്കുകയായിരുന്നു. ആശുപതിയിൽ കഴിയുന്ന മകൾ സുഖം പ്രാപിച്ചു. മനുഷ്യത്വരഹിതമായ സംഭവത്തിൽ രണ്ട് രാജ്യങ്ങളും ഇടപെട്ടതിന് നന്ദി അറിയിക്കുന്നു,“ നജീബ് അലിഖില്‍ വ്യക്തമാക്കി.

20കാരിയായ സിൽസില അലിഖിനെ തട്ടിക്കൊണ്ട് പോയതായി അഫ്ഗാൻ സ്ഥിരീകരിച്ചിരുന്നു. യുവതി സഞ്ചരിച്ച കാർ തടഞ്ഞ സംഘം അതിവേഗം വാഹനത്തിനുള്ളിലേക്ക് കയറുകയായിരുന്നുവെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. സംഭവത്തെ ശക്തമായി അപലപിച്ചതായി അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

പാകിസ്ഥാനിലെ തങ്ങളുടെ പ്രതിനിധികളുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയിൽ വലിയ ആശങ്ക രേഖപ്പെടുത്തി. നയതന്ത്ര ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താൻ പാകിസ്ഥാനോട് അഫ്ഗാൻ ആവശ്യപ്പെട്ടു.

സംഭവത്തിൽ പാകിസ്ഥാാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രതികരണവുമായി രംഗത്തുവന്നു. സംഭവത്തിൽ അതിവേഗത്തിലുള്ള നടപടി ആവശ്യമാണെന്നും അക്രമികളെ പിടികൂടണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി പാകിസ്ഥാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.